ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സബ്‌വേയിൽ ഈ ആഴ്‌ച നടന്ന വെടിവയ്പ്പിൽ കുറ്റാരോപിതനായ ആളെ അറസ്റ്റ് ചെയ്യാൻ സഹായിച്ച “നിർണ്ണായക വിവരങ്ങൾ” നൽകിയ അഞ്ച് പേർക്ക് 50,000 ഡോളർ പാരിതോഷികം പങ്കിടുമെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
നഗരത്തിലെ സബ്‌വേ ട്രെയ്നില്‍ അക്രമാസക്തമായ ആക്രമണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഫ്രാങ്ക് ജെയിംസ്, ബുധനാഴ്ച ലോവർ മാൻഹട്ടനിൽ 30 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റിലായത്. പൊതുജനങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 62 കാരനായ ജെയിംസ് പോലീസിന്റെ ടിപ് ലൈനിലേക്ക് സ്വയം ഫോണ്‍ ചെയ്ത് പിടിയിലാകാൻ സഹായിച്ചതായി ജെയിംസിന്റെ അഭിഭാഷകർ പറഞ്ഞു.
ഈ അക്രമകാരിയെ കണ്ടെത്താനുള്ള വിവരങ്ങൾക്കായുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥനയോട് പ്രതികരിച്ച എല്ലാവരേയും ഞങ്ങൾ അഭിനന്ദിക്കുന്നു എന്ന് പോലീസ് കമ്മീഷണർ കീച്ചൻ സെവെൽ പ്രസ്താവനയിൽ പറഞ്ഞു.
62 കാരനായ ജെയിംസ്, ചൊവ്വാഴ്ച രാവിലെ ബ്രൂക്ലിനിലെ തിരക്കേറിയ യാത്രയ്ക്കിടെ സബ്‌വേ ട്രെയിനില്‍ പുക ബോംബ് സ്ഫോടനം നടത്തി വെടിയുതിർത്തതില്‍ 30 പേർക്ക് പരിക്കേറ്റു.
10 പേർക്ക് വെടിയേറ്റെങ്കിലും എല്ലാവരും രക്ഷപ്പെടുമെന്ന് പോലീസ് പറഞ്ഞു. പ്രോസിക്യൂട്ടർമാർ പറയുന്നതനുസരിച്ച്, പുകപടലങ്ങൾ കൊണ്ടോ സബ്‌വേ കാറിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ഒഴുകിയെത്തിയ പരിഭ്രാന്തരായ യാത്രക്കാരുടെ തിക്കിലും തിരക്കിലും പെട്ടോ 20 ഓളം പേർക്ക് പരിക്കേറ്റു.