മൂവാറ്റുപുഴ: മനുഷ്യത്വരഹിതമായ ജപ്തി നടപടിയുമായി മുന്നോട്ടു പോയ മൂവാറ്റുപുഴ സഹകരണ ബാങ്കിനെതിരെ ജനവികാരം ആളിക്കത്തിയതോടെ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്ക് തല്‍സ്ഥാനം രാജിവെക്കേണ്ടി വന്നു. ആദ്യഘട്ടത്തിൽ ബാങ്ക് നടപടിയെ ന്യായീകരിച്ച ഗോപി കോട്ടമുറിയ്ക്കൽ ജനവികാരം എതിരായപ്പോൾ മലക്കം മറിയുകയായിരുന്നു.
മൂവാറ്റുപുഴ വലിയപറമ്പിൽ അജേഷിന്റെയും മഞ്ജുവിന്റെയും വീടാണ് ബാങ്ക് ഉദ്യോഗസ്ഥർ എത്തി ജപ്തി ചെയ്തത്. അച്ഛനും അമ്മയും ആശുപത്രിയിൽ കഴിയുന്നതിനിടെ അവരുടെ 3 പെൺകുട്ടികൾ ഉൾപ്പെടെ 4 മക്കളെ വീട്ടിൽ നിന്നിറക്കി വിട്ട് മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ ജപ്തി നടപടി. മാതാപിതാക്കൾ എത്തിയ ശേഷം വീടു വിട്ടിറങ്ങാം എന്നു പറഞ്ഞിട്ടും ബാങ്ക് ഉദ്യോഗസ്ഥർ ഇവരെ ഇറക്കി വിട്ട് വീട് മുദ്ര വച്ചതായി പറയുന്നു.
ഏപ്രില്‍ രണ്ടിനായിരുന്നു വിവാദമായ ജപ്തി നടപടി അരങ്ങേറിയത്. ബാങ്ക് വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ അജേഷ് ഹൃദ്രോഗത്തേത്തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ് ബാങ്ക് അധികൃതര്‍ ജപ്തിയുമായി വീട്ടിലെത്തിയത്. കുട്ടികളുടെ മാതാവ് ആശുപത്രിയിൽ ഭര്‍ത്താവിന് കൂട്ടിരിക്കുകയായിരുന്നു. ബാങ്ക് ജനറൽ മാനേജറുടെ നേതൃത്വത്തിലുള്ള സംഘമെത്തുമ്പോൾ നാല് കുട്ടികൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
അയല്‍ക്കാരും നാട്ടുകാരും സാഹചര്യങ്ങള്‍ വിശദീകരിക്കുകയും വായ്പ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ അവയൊന്നും ചെവിക്കൊള്ളാതെ കുട്ടികളെ വീടിന് പുറത്താക്കി ബാങ്ക് ജപ്തി നടപടി പൂർത്തിയാക്കി വീടു പൂട്ടി താക്കോലുമായി മടങ്ങി. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റി. പണമടക്കാൻ സാവകാശം വേണമെന്ന് ബാങ്കിനോട് ആവശ്യപ്പെടുകയും ചെയ്തു. രാത്രി എട്ടര മണിയോടെയാണ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രാദേശിക നേതാക്കൾ സ്ഥലത്തെത്തിയത്.
എന്നാല്‍, ഒന്നര ലക്ഷത്തോളം രൂപ കുടിശിഖയുണ്ടായിരുന്നെന്നും, കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജപ്തി നടപടിയെന്നായിരുന്നു ബാങ്ക് എംഎൽഎയെ അറിയിച്ചത്. എംഎല്‍എയുടെ അഭ്യര്‍ത്ഥന പ്രകാരം ബാങ്ക് അധികൃതർ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് അറിയിച്ചെങ്കിലും, രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികൾ ഒന്നും ഉണ്ടായില്ല. അതോടെ എംഎൽഎ തന്നെ നേരിട്ട് വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ തിരികെ പ്രവേശിപ്പിച്ചു.
10, 7, 5 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ജപ്തി നടപടികളുടെ ഭാഗമായി വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. രണ്ടുപേർ ഇരട്ടപ്പെൺകുട്ടികളാണ്. ഒന്നര ലക്ഷം രൂപയോളം ബാങ്കിൽ വായ്പ കുടിശിക ആയതിന്റെ പേരിലാണ് ഇടതു ഭരണസമിതി ഭരിക്കുന്ന ബാങ്കിന്റെ നടപടിയെന്ന് അയൽവാസികൾ പറഞ്ഞു.
ഈ മാസം രണ്ടിന് വൈകിട്ടാണ് ബാങ്ക് ഉദ്യോഗസ്ഥർ പേഴയ്ക്കാപ്പിള്ളിയിൽ ദലിത് കുടുംബം താമസിക്കുന്ന വീട്ടിൽ എത്തിയത്. അജേഷ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലാണ്. ഭാര്യ മഞ്ജുവും അജേഷിനൊപ്പം ആയിരുന്നു. ഇവർ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കി വിടാവൂ എന്ന് അയൽവാസികളും സ്ഥലത്ത് എത്തിയ പഞ്ചായത്തംഗങ്ങളും ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ പിന്മാറിയില്ല. പഞ്ചായത്ത് നൽകിയ 3 സെന്റ് സ്ഥലത്ത് നിർമിച്ച വീടാണ് ഇത്.
വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്ന് നിസഹായരായി പെരുവഴിയിൽ നിൽക്കുന്ന കുട്ടികളുടെ അവസ്ഥ അറിഞ്ഞു സ്ഥലത്തെത്തിയ മാത്യു കുഴൽനാടൻ എംഎൽഎ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി എന്നിവരുടെ നേതൃത്വത്തിൽ വീടിനു മുന്നിൽ കുട്ടികൾക്കൊപ്പം കുത്തിയിരുന്നു. ബാങ്ക് അധികൃതർ താക്കോൽ തിരികെ ഏൽപിക്കാൻ എത്തുമെന്നു പറഞ്ഞെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആരും എത്തിയില്ല. തുടർന്നാണ് പൂട്ടിയിട്ടിരുന്ന താഴ് തകർത്തത്. നിസ്സഹായരായ കുട്ടികളെ വീട്ടിൽ നിന്നു പുറത്തിറക്കി വിട്ട് ജപ്തി നടത്തിയ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പൊലീസും സർക്കാരും തയാറാകണമെന്ന് എംഎൽഎ പറഞ്ഞു. അതേസമയം സർഫേസി നിയമ പ്രകാരമുള്ള ബാങ്ക് നടപടികൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കുട്ടികളെ വീട്ടിൽ നിന്നിറക്കി വിട്ടിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
കൊറോണയാണ് ഫോട്ടോഗ്രാഫറായ അജേഷിൻ്റെ ജീവിതത്തിൽ കരിനിഴലായത്. മുമ്പ് ഇയാൾ ബാങ്കിൽ കൃത്യമായി പണം അടയ്ക്കുമായിരുന്നു. 4 വർഷം മുമ്പ് സ്റ്റുഡിയോ തുടങ്ങുന്നതിനായി ഒരു ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നു. ഇപ്പോൾ 1.75 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്.
സ്റ്റുഡിയോയ്ക്കായി മൂവാറ്റുപുഴ പേയ്ക്കാപ്പിള്ളിയിൽ മുറിയെടുത്തിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ കാമറയും അനുബന്ധ സംവിധാനങ്ങളും ഒരുക്കി. പിന്നാലെ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചു. തുടർച്ചയായി അറ്റാക്കുകൾ ഉണ്ടായി. വലിയൊരുസംഖ്യ ആശുപത്രികളിൽ ചെലവായി. കൊറോണയോടെ എല്ലാ പ്രതീക്ഷയും നശിച്ചു. കടബാധ്യതകൾ കൂടി വന്നു ഇതോടെ ലോൺ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതായതായി അജേഷ് പറയുന്നു.
മൂന്നുമാസം മുമ്പ് ജപ്തി നോട്ടീസ് നൽകിയിപ്പോൾ ബാങ്ക് മാനേജരെ കാണാൻ പോയി. രോഗവിവരം തെളിയിക്കുന്ന രേഖകളും അവധി അപേക്ഷയും നൽകിയപ്പോൾ ‘ഇതുകൊണ്ടൊന്നും കാര്യമില്ല, കുടിശിഖ തീർക്കാൻ നോക്ക് ‘ എന്ന് പറഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ബാങ്കിൽ നിന്നും ഇറങ്ങിയതെന്ന് അജേഷ് പറഞ്ഞു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ശേഷം മകൻ നന്ദു അമ്മയെ വിളിച്ച് വീട്ടിൽ പൊലീസും ബാങ്കുകാരും എത്തിയെന്നും സാധനങ്ങൾ എല്ലാം എടുത്ത് മാറാൻ ആവശ്യപ്പെട്ടതായും അറിയിക്കുകയായിരുന്നു.
ആശുപത്രിയിൽ ആണെന്നും സവകാശം നൽകിയാൽ പണം അടയ്ക്കാമെന്നും മറ്റും പറഞ്ഞെങ്കിലും ജീവനക്കാർ കേൾക്കാൻ തയ്യാറായില്ല. കോടതി ഉത്തരവാണെന്നും പറഞ്ഞ് അവർ മക്കളെ പുറത്താക്കി വീടു പൂട്ടി സീൽ ചെയ്തു. ഇതുകണ്ട് മക്കൾക്ക് വലിയ സങ്കടമായി. ഞാനും ഭാര്യയും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലുമായി. പഞ്ചായത്ത് മെമ്പർ നെജി ഷാനവാസിനെ വിളിച്ച് സങ്കടം പറഞ്ഞു.
തുടർന്നാണ് മാത്യു കുഴൽനാടൻ എം എൽ എ പ്രശ്നത്തിൽ ഇടപെട്ടതും വീട് പൂട്ടുപൊളിച്ച് തുറന്നതും. ബാങ്കിന്റെ കുടിശിഖ എത്രയും വേഗത്തിൽ തീർക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കുറച്ചുസാവകാശം അനുവദിച്ച് തരാൻ കരുണ കാണിക്കണം… ഇത് മാത്രമാണ് എനിക്ക് അവരോട് ആവശ്യപ്പെടാനുള്ളത്. അജേഷ് വിശദമാക്കി.
42 കാരനായ അജേഷ് 20 വർഷത്തിലേറെയായി മൂവാറ്റുപുഴയിൽ ഫോട്ടോഗ്രാഫർ ആയി പ്രവർത്തിച്ചുവരികയാണ്. ഇടക്കാലത്ത് പെരുമ്പാവൂർ കേന്ദ്രീകരിച്ചും പ്രവർത്തിച്ചിരുന്നു. ബാങ്ക് ജീവനക്കാരുടെ മനുഷ്യത്തരഹിതമായ നടപടിക്കെതിരെ നാട്ടിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രശ്നത്തിൽ മാത്യുകുഴനാടൻ എം എൽ എ യുടെ ഇടപെടലിന് പരക്കെ കയ്യടിയിയും ലഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എം എൽ എ രാത്രി 8.30 തോടടുത്തവരെ ബാങ്ക് ജീവനക്കാർ സ്ഥലത്തെത്തുന്നതും കാത്തുനിന്നു. ഈ സമയത്ത് അജേഷിന്റെ പെൺകുട്ടികൾ വീടിന് പുറത്ത് നിൽക്കുകയായിരുന്നു.
അയൽവാസികളോടും മറ്റും വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം മുറ്റത്ത് കണ്ണൂരോടെ നിന്നിരുന്ന പെൺകുട്ടികളെ എല്ലാം ശരിയാക്കാം എന്നും പറഞ്ഞ് എം എൽ ആശ്വസിപ്പിച്ചു. പിന്നാലെ അജേഷിന്റെ കട ബാദ്ധ്യത താൻ ഏറ്റെന്നും വീട് തുറന്നുനൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ബാങ്ക് അധികൃതരെ അറിയിക്കാനും ഒപ്പമുള്ളവരോട് എം എൽ നിർദ്ദേശിച്ചു.
അൽപ്പസമയത്തിനുള്ളിൽ വീട് തുറന്നുനൽകാൻ ജീവനക്കാരെ വിട്ടതായി ബാങ്ക് അധികൃതർ സ്ഥലത്തുണ്ടായിരുന്നവരെ അറിയിക്കുകയും ചെയ്തു. പിന്നീട് ഒരു മണിക്കൂറിലേറെ കാത്തുനിന്നിട്ടും ജീവനക്കാർ എത്താത്ത സാഹചര്യത്തിലാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സാക്ഷി നിർത്തി എം എൽ എ വീടിന്റെ പൂട്ട് ചുറ്റികയ്ക്ക് ഇടിച്ച് പൊളിച്ച് കുട്ടികളെ അകത്ത് കയറ്റിയത്.