മുംബൈ: പള്ളികളിലെ ഉച്ചഭാഷിണിയെക്കുറിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ നിരന്തരം വാചാലനാകാറുണ്ട്. മെയ് 3 നകം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകണമെന്ന് മഹാരാഷ്ട്ര സർക്കാരിന് അദ്ദേഹം മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. ഉച്ചഭാഷിണി മതപരമായ പ്രശ്‌നമല്ലെന്നും സാമൂഹിക പ്രശ്‌നമാണെന്നും രാജ് താക്കറെ ഞായറാഴ്ച പറഞ്ഞു.
ഒരു ദിവസം ഉച്ചഭാഷിണിയിൽ നിന്ന് 5 തവണ ആസാൻ ഉണ്ടെങ്കിൽ, ഞങ്ങൾ ഉച്ചഭാഷിണിയിൽ നിന്ന് ഒരു ദിവസം 5 തവണ ഹനുമാൻ ചാലിസ വായിക്കുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) മേധാവി പറഞ്ഞു. ഒരു പാർട്ടി എന്ന നിലയിൽ അത് ചെയ്യും. രാജ്യത്ത് പ്രക്ഷുബ്ധമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അതിൽ ഞങ്ങൾക്ക് താൽപ്പര്യവുമില്ല, അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര നവനിർമാൺ സേനയെ ആരെങ്കിലും ഭീഷണിപ്പെടുത്തുകയാണെങ്കിൽ, ഞങ്ങൾ കൈയ്യും കെട്ടി നോക്കി നില്‍ക്കുകയില്ലെന്നും രാജ് താക്കറെ മുന്നറിയിപ്പ് നൽകി. ചിലർ കല്ലെറിഞ്ഞാൽ തക്ക മറുപടിയും കിട്ടും. ആരെങ്കിലും ആയുധങ്ങളുമായി വന്നാല്‍ ഞങ്ങളും അങ്ങനെ തന്നെ ചെയ്യുമെന്ന് ഓർക്കണം.
ശനിയാഴ്ച മഹാരാഷ്ട്ര നവനിർമാൺ സേനയുടെ (എംഎൻഎസ്) നാസിക് പ്രസിഡന്റ്, പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. സുപ്രീം കോടതിയുടെ നിർദേശം പാലിച്ച് പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.