കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി സഞ്ചരിച്ചത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളുടെ കാറിലാണെന്ന് ബി.ജെ.പി. ആരോപണം നിഷേധിച്ച് സിപിഎമ്മും കാറുടമയും രംഗത്തെത്തി.
പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സിദ്ദിഖിന്റെ കെഎല്‍18-5000 നമ്പര്‍ കാറാണ് യെച്ചൂരിക്ക് സഞ്ചരിക്കാന്‍ സിപിഎം നല്‍കിയതെന്നാണ് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസന്റെ ആരോപണം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് കാര്‍ വാടകയ്ക്ക് എടുത്തതെന്നും സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് ഇത് തെളിയിക്കുന്നത്. പകല്‍ ലീഗ് പ്രവര്‍ത്തകനും രാത്രി എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമാണ് ഇയാളെന്നും ഹരിദാസന്‍ ആരോപിച്ചു.
എന്നാല്‍ കാര്‍ വാടകയ്ക്ക് എടുത്തത് താനല്ലെന്ന് പി.മോഹനന്‍ പ്രതികരിച്ചു. യെച്ചൂരിക്ക് സഞ്ചരിക്കാന്‍ കാര്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് നിന്ന് കാര്‍ അറേഞ്ച് ചെയ്യേണ്ട ആവശ്യമില്ല. പാലക്കാട് സംഭവത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
കാറുകള്‍ വാടകയ്ക്ക് എടുത്തത് ഏജന്റിന്റെ കയ്യില്‍ നിന്നെന്ന് കണ്ണുര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് വന്‍ വിജയമായത് ചിലര്‍ക്ക് സഹിക്കുന്നില്ല. അതുകൊണ്ടാണ് അപവാദവുമായി രംഗത്തെത്തുന്നത്. കാലിക്കട്ട് ടൂര്‍സ് ആന്റ് ട്രാവല്‍സ് വഴി 11 ഇന്നോവ കാറുകളാണ് വാടകയ്ക്ക് എടുത്തത്. അവരുടെ രാഷ്ട്രീയം തങ്ങള്‍ നോക്കിയിട്ടില്ല. എസ്.ഡി.പിയുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. യെച്ചൂരി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് മറ്റൊരു കാറാണ്. വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലെത്താന്‍ മാത്രമാണ് ഈ വാഹനം ഉപയോഗിച്ചത്. ബി.ജെ.പിയുടെ ആരോപണം നിന്ദ്യവും പരിഹാസവുമാണെന്നും ജയരാജന്‍ പറഞ്ഞു.
ലീഗ് പ്രവര്‍ത്തകനാണെന്നും എസ്ഡിപിഐയുമായി ബന്ധമില്ലെന്നും കാറുടമയായ സിദ്ദിഖ് പറഞ്ഞു. പ്രസ്താവന നടത്തിയ ഹരിദാസന് തലയ്ക്ക് വെളിവില്ല. എന്തിനാണ് ആരോപണമെന്ന് അറിയില്ല. തനിക്ക് റെന്റ് എ കാര്‍ ബിസിനസുണ്ട്. കാര്‍ വാടകയ്ക്ക് നല്‍കാന്‍ സുഹൃത്തിനെയാണ് ഏല്പിച്ചത്. അയാള്‍ ആര്‍ക്കാണ് കൊടുത്തതെന്ന് അറിയില്ല. അതില്‍ തനിക്ക് പങ്കില്ല. താന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.