തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കയിലെ ചികിത്സയ്ക്ക് പണം അനുവദിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുതുക്കിയിറക്കി. ആദ്യത്തെ ഉത്തരവില്‍ വസ്തുതാപരമായ പിശക് കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു
അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായി ചെലവഴിച്ച 29.82 ലക്ഷം രൂപ അനുവദിച്ചു കൊണ്ടുള്ള പൊതുഭരണ വകുപ്പ് അക്കൗണ്ട്സ് വിഭാഗത്തിന്റെ ഉത്തരവ് റദ്ദാക്കിയാണു പുതിയ ഉത്തരവിറക്കിയത്.
കഴിഞ്ഞ ജനുവരി 11 മുതല്‍ 26 വരെ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ അപേക്ഷയില്‍ 29.82 ലക്ഷം രൂപ അനുവദിച്ചു കൊണ്ടാണ് പൊതുഭരണവകുപ്പ് കഴിഞ്ഞ 13ന് ഉത്തരവിറക്കിയിരുന്നത്.
തുടര്‍ പരിശോധനയില്‍ ക്രമപ്രകാരമല്ലാതെയോ അധികമായോ ചികിത്സാത്തുക മാറി നല്‍കുന്നതായി കണ്ടെത്തുന്ന പക്ഷം തുക തിരിച്ചടയ്ക്കാന്‍ അപേക്ഷകന് ബാധ്യസ്ഥനാണെന്നു പൊതുഭരണ വകുപ്പ് അക്കൗണ്ട്സ് വിഭാഗം ജോയിന്റ് സെക്രട്ടറി എ.ആര്. ഉഷയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ക്രമപ്രകാരം മുഖ്യമന്ത്രിയുടെ ചികിത്സാത്തുകയുമായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. എന്നാല്‍, സ്വന്തം ചികിത്സയുടെ തുകയ്ക്കായി അപേക്ഷ നല്‍കിയത് പിണറായി വിജയനാണെന്ന് ഉത്തരവില്‍ പറയുന്നു പിന്നീട് എപ്പോഴെങ്കിലും ക്രമപ്രകാരമല്ലെന്നു കണ്ടെത്തിയാല്‍ മുഖ്യമന്ത്രി തുക തിരിച്ചടയ്ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ വസ്തുതാപരമായ പിശക് ഒഴിവാക്കാനാണ് തുക അനുവദിച്ചുകൊണ്ടുള്ള ആദ്യ ഉത്തരവ് റദ്ദാക്കിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.