ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ പൊതുസമൂഹത്തിൽ അമ്പതു വർഷത്തെ പ്രവർത്തനങ്ങൾ സാക്ഷിയാക്കി, അമേരിക്കയിലെ മലയാളി സംഘടനകളുടെ തറവാട് എന്ന് വിശേഷിപ്പിക്കുന്ന കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണ്ണ ജൂബിലി നിറവിൽ കേരള സമാജത്തിന്റെ 2022 പ്രവര്‍ത്തനോത്ഘാടനവും വിഷു ഈസ്റ്റർ ആഘോഷങ്ങളും ഏപ്രിൽ 23 ശനിയാഴ്ച്ച ലോങ്ങ്ഐലൻഡ് ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറെന്റിൽവച്ച് വൈകുന്നേരം 6 മണിക്ക് നടത്തപ്പെടും. മോസ്റ്റ് റെവറെന്റ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്, പാർത്ഥസാരഥിപിള്ള, ഫാ. നോബി അയ്യനേത്ത് തുടങ്ങിയവർ മുഖ്യഅതിഥികളായെത്തും.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഈസ്റ്റർ വിഷു ആഘോഷങ്ങൾ മുടങ്ങിക്കിടക്കുകയായിരുന്നു. മാറിയ പരിതസ്ഥിതിയിൽ പുത്തൻ ഉണർവോടെ ഒന്നുചേരാനുള്ള എല്ലാ സാഹചര്യവും ഒരുക്കികൊണ്ടു അതിമനോഹരമായ ഒരു കലാസന്ധ്യയാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. പരിമിതമായ സമയത്തിന്റെ വിലയും ഒത്തുചേരലിന്റെ മധുരിമയും തൊട്ടറിയാൻ കോവിഡ് കാലം വഴിയൊരുക്കി. മിച്ചമുള്ള സമയം എത്രയും മെച്ചമുള്ളതാക്കി സമൂഹത്തിനു നന്മചെയ്യാൻ ഉള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.
2022 ഒക്ടോബർ 29 നു ന്യൂയോർക്കിൽ വച്ച് നടത്തപ്പെടുന്ന സമാജത്തിന്റെ സുവർണ്ണജൂബിലി സമ്മേളനത്തിൽ കേരളത്തിൽ നിന്നും അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും. വൈവിധ്യം നിറഞ്ഞ കർമ്മപരിപാടികളുടെയും ആഘോഷങ്ങളുടെയും നടത്തിപ്പിനായി 50 പേരടങ്ങുന്ന വിപുലമായ ജൂബിലിആഘോഷകമ്മറ്റിക്കു രൂപംനൽകി, പ്രവർത്തനം സജ്ജീവമായി നടന്നുകൊണ്ടിരിക്കുന്നു. സുവർണ്ണ ജൂബിലി സ്മരണിക തയ്യാറയിക്കൊണ്ടിരിക്കുന്നു. കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ പുതിയ വെബ്സൈറ്റ് ഈ സമ്മേളനത്തിൽ അനാവരണം ചെയ്യപ്പെടും.
ആഘോഷങ്ങളിലേക്കു ന്യൂയോർക്കിലെ മലയാളികളെ സ്വാഗതം ചെയ്യുന്നു, ഒപ്പം സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാൻ, പ്രെസിഡെന്റ് പോൾ പി. ജോസ്, പ്രസിഡന്റ്, ബോർഡ് ചെയർ ഷാജു സാം, സെക്റട്ടറി മേരി ഫിലിപ്പ്, ട്രെഷറർ ഫിലിപ്പോസ് ജോസഫ് തുടങ്ങിയവർ അഭ്യർത്ഥിച്ചു.