കൊച്ചി: കോടഞ്ചേരി മിശ്ര വിവാഹത്തിലെ ദമ്പതികള്‍ ഹൈക്കോടതിയില്‍ ഹാജരായി. ജോയ്‌സ്‌നയും ഷെജിനുമാണ് ഹാജരായത്. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് ജോയ്‌സ്‌നയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആരും തടവിലാക്കിയിട്ടില്ലെന്നും ജോയ്‌സ്‌ന ഹൈക്കോടതിയെ അറിയിച്ചു. ഷെജിനൊപ്പം പോകാനാണ് താല്‍പര്യമെന്നും അറിയിച്ചു. മാതാപിതാക്കളോട് സംസാരിക്കുണ്ടോയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും പിന്നീടാകാമെന്നും ജോയ്‌സ്‌ന അറിയിച്ചു.
ഇതോടെ ജോയ്‌സ്‌നയെ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നു വ്യക്തമായെന്ന് അറിയിച്ച് ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പെണ്‍കുട്ടിയുടെ മൗലികാവകാശം തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ജോയ്‌സനയ്ക്ക് ആവശ്യത്തിനു ലോകപരിചയമുണ്ട്. 26 വയസുള്ളയാളാണ്.വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ടെന്നും നിരീക്ഷിച്ച കോടതി ഈ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്കു പരിമിതിയുണ്ടെന്നും വിലയിരുത്തി. സ്‌പെഷല്‍ മാര്യേജ് ആക്ട്പ്രകാരം ഇവര്‍ വിവാഹത്തിന് അപേക്ഷ സമര്‍പ്പിച്ച സാഹചര്യവും കോടതി പരിഗണിച്ചു.
ജോയ്‌സ്‌ന ജീവിതാവസാനം വരെ ക്രിസ്തുമത വിശ്വാസിയായി തുടരുമെന്ന് ഷെജിന്‍ മാധ്യമങ്ങളോട് പറഞ്ഞൂ. താന്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണെന്നും തങ്ങള്‍ താമസിച്ച പിതാവിന്റെ സഹോദരന്റെ വീട് എസ്ഡിപിഐ ക്യാംപ് ആണെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഷെജിന്‍ പറഞ്ഞൂ.
വിധിയില്‍ സന്തോഷമുണ്ടെന്നും സ്വസ്ഥമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇനിയെങ്കിലും വിവാദങ്ങള്‍ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും ജോയ്‌സ്‌ന പറഞ്ഞു.