വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ നയതന്ത്രജ്ഞ രചന സച്ച്ദേവയെ മാലി അംബാസഡറായി പ്രസിഡന്‍റ് ജോ ബൈഡൻ നോമിനേറ്റ് ചെയ്തു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഏപ്രിൽ 15നാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്.
കുവൈറ്റ് യുഎസ് എംബസിയിലും ഇന്ത്യയിൽ യുഎസ് കോൺസൽ ജനറലായും സൗദി യുഎസ് കോൺസൽ ജനറൽ ആൻഡ് പ്രിൻസിപ്പൾ ഓഫിസറായും രചന പ്രവർത്തിച്ചിട്ടുണ്ട്.
കൊളംബൊ യുഎസ് എംബസി മാനേജ്മെന്‍റ് സെക്‌ഷനിലും റിയാദ് യുഎസ് എംബസി ഹ്യുമൻ റിസോഴ്സ് ഓഫിസറായും രചന പ്രവർത്തിച്ചിട്ടുണ്ട്.
ന്യൂജേഴ്സിയിൽനിന്നുളള ഇവർ, കംപ്യൂട്ടർ സയൻസ് ആൻഡ് മാത്തമാറ്റിക്സിൽ ബിരുദം നേടിയശേഷം കോർപറേറ്റ് സെക്ടറിലും ജോലി ചെയ്തിരുന്നു.
യുഎസ് അംബാസഡറായി ബൈഡൻ നോമിനേറ്റ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ അമേരിക്കനാണ് രചന. ഇതിനു മുൻപ് മൊറോക്കൊ അംബാസഡറായി പുനീത് തല്‍വാറിനേയും നെതർലാൻഡ്സ് അംബാസഡറായി ഷെഫാലി റസ്ദാനേയും നോമിനേറ്റു ചെയ്തിരുന്നു.