ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിഷു ദിനത്തോടനുബന്ധിച്ചു വിപുലമായ ആഘോഷങ്ങൾ നടന്നു. കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയതിനു ശേഷമുള്ള ആദ്യത്തെ ഉത്സവം ആയതിനാൽ നൂറുകണക്കിന് ഭക്തജനങ്ങൾ ആണ് കാനഡയിലെ വിഷു ദിനമായ ഏപ്രിൽ 14 ന് ഗുരുവായൂരപ്പനെ കണികാണാനും അനുഗ്രഹം തേടാനും ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. വിഷുദിനത്തിൽ ക്ഷേത്രത്തിൽ എത്തിയ ഭക്തർക്ക് തന്ത്രിയും മേൽശാന്തിയുമായ കരിയന്നൂർ ദിവാകരൻ നമ്പൂതിരി വിഷുക്കൈനീട്ടം നൽകി. വിഷുവിനോടനുബന്ധിച്ചു രണ്ടു ദിവസങ്ങളിലായി വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.
കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിക്കിടന്നിരുന്ന പ്രതിഷ്ഠാദിന ആഘോഷങ്ങളും ഉത്സവവും ഈ വർഷം അതിഗംഭീരമായി ആഘോഷിക്കുവാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
അതിനു മുന്നോടിയായി, ഭക്തരുടെ വീടുകളിലേക്ക് പറ എഴുന്നെള്ളിപ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ പതിനേഴാം തീയതി രാവിലെ പറയെടുപ്പിനോടനുബന്ധിച്ചുള്ള പറ പുറപ്പാട് നടന്നു.
ക്ഷേത്രത്തിൽ പൂജിച്ച കോലവും പറയും നെല്ലും വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ ഭക്തർ ഏറ്റുവാങ്ങി. മെയ്, ജൂൺ മാസങ്ങളിൽ നേരത്തെ ബുക്ക് ചെയ്ത വീടുകളിലേക്ക് പറയെടുപ്പ് നടത്തുവാൻ ആണ് തീരുമാനിച്ചിട്ടുള്ളത്. അതിന്നു മുന്നോടിയായുള്ള ബുക്കിംഗ് ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.guruvayur.ca