കൊച്ചി: പണിമുടക്ക് ദിനത്തില്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കോതമംഗലം എസ്.എച്ച്.ഒ ബേസില്‍ തോമസിനെയാണ് സ്ഥലംമാറ്റിയത്. തൃശ്ശൂര്‍ റൂറലിലേക്കാണ് സ്ഥലംമാറ്റം. സ്വാഭാവിക സ്ഥലംമാറ്റ നടപടിക്രമമെന്നാണ് വിശദീകരണം. പണിമുടക്ക് ദിവസം ജോലി ചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ച സിപിഎം നേതാക്കളെയാണ് ബേസില്‍ തോമസ് അറസ്റ്റ് ചെയ്തിരുന്നത്. ആക്രമണത്തില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ മൂക്കിന്റെ പാലം തകര്‍ന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സിപിഎം ലോക്കല്‍ സെക്രട്ടറിയേയും ഡിവൈഎഫ്ഐ നേതാവിനെയുമായിരുന്നു ബേസില്‍ തോമസ് അറസ്റ്റ് ചെയ്തത്. സംഭവം വലിയ വിവാദമായതോടെ ബേസിലിനെ സ്ഥലംമാറ്റുമെന്ന തരത്തില്‍ ചില കോണുകളില്‍നിന്ന് ഭീഷണികളും ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം നടന്ന് ഒരുമാസം തികയുന്നതിന് മുമ്പേ ബേസിലിനെ സ്ഥലംമാറ്റിയത്.