ചെക്ക് വണ്ടിച്ചെക്കാവുമോ? അറിയാന്‍ പുതിയ വെബ് പോര്‍ട്ടല്‍

അബുദാബി : യുഎഇ ആസ്ഥാനമായുള്ള ബാങ്ക് മുഖേന നല്‍കുന്ന ചെക്ക് മടങ്ങാന്‍ എത്രത്തോളം സാധ്യതയുണ്ടെന്നു മനസിലാക്കാന്‍ കഴിയുന്ന വെബ് പോര്‍ട്ടലിനു തുടക്കമായി. അല്‍ എത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ ആണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

യുഎഇ യിലെ ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന വെബ് പോര്‍ട്ടലിനാണ് അല്‍ എത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ തുടക്കം കുറിച്ചിരിക്കുന്നത്.

ചെക്ക് സ്‌കോറിനായി ആരംഭിച്ച വെബ് പോര്‍ട്ടലില്‍ പരിശോധിച്ചാല്‍ ലഭിച്ച ചെക്ക് മടങ്ങാന്‍ എത്രമാത്രം സാധ്യതയുണ്ട് എന്ന് അറിയാന്‍ കഴിയും. മാസങ്ങളോളം നടത്തിയ സമഗ്രമായ പരിശോധനകള്‍ക്കു ശേഷമാണ് ചെക്ക് സ്‌കോര്‍ നടപ്പിലാക്കുന്നത്.

ട്രയല്‍ കാലയളവില്‍, മൊത്തം 788 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള 11,000-ത്തിലധികം ചെക്കുകള്‍ ആപ്ലിക്കേഷന്‍ വഴി സ്‌കാന്‍ ചെയ്തു. ആരംഭിച്ചതിനു ശേഷം ചെക്ക്സ്‌കോറിന്റെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡുകള്‍ ഒരു മാസത്തിനുള്ളില്‍ 21,532 ആയി ഉയര്‍ന്നു.

ഒരു ഉപയോക്താവ് ചെക്ക് സ്‌കോര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, അവര്‍ക്ക് ഒരു ചെക്ക് സ്‌കാന്‍ ചെയ്യാനോ ഒരു ചെക്ക് ഇമേജ് അപ്ലോഡ് ചെയ്യാനോ അല്ലെങ്കില്‍ ചെക്ക് ഡാറ്റ നേരിട്ട് നല്‍കാനോ കഴിയും. വാങ്ങല്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിലൂടെ, ഉപയോക്താവിന് ഉടന്‍ തന്നെ ചെക്ക് സ്‌കോര്‍ കാണിക്കും, 1 മുതല്‍ 99 ശതമാനം വരെയുള്ള സ്‌കോര്‍, അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ ഒരു ചെക്ക് ബൗണ്‍സ് ആകാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. ചെക്ക് നല്‍കുന്ന ആളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉപയോഗിച്ചാണ് ചെക്ക് സ്‌കോര്‍ കണക്കാക്കുന്നത്.
വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സമയബന്ധിതമായ പേയ്മെന്റ് ഷെഡ്യൂളുകള്‍ നിലനിര്‍ത്താനുള്ള കഴിവ്, വായ്പായോഗ്യത, വ്യവസായത്തിനുള്ളിലെ മികച്ച ഉത്പന്നങ്ങളും ഓഫറുകളും ഒക്കെ ക്രെഡിറ്റ് സ്‌കോറിനെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്.

അനില്‍ സി. ഇടിക്കുള

 

Print Friendly, PDF & Email

Leave a Comment

More News