വാഷിങ്ടന്‍: ഏപ്രില്‍ 18ന് നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്‍റെ അവസാന ദിവസം കഴിഞ്ഞതോടെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റേയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റേയും ഫെഡറല്‍ ടാക്‌സ് വിവരങ്ങള്‍ പുറത്തുവിട്ടു.
ഫെഡറല്‍ ടാക്‌സ് സമര്‍പ്പിക്കുന്നതിന്‍റെ അവസാന രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണു സാധാരണ അമേരിക്കന്‍ പ്രസിഡന്റുമാര്‍ അവരുടെ നികുതി വിവരങ്ങള്‍ പരസ്യമാക്കാറുള്ളത്.
പ്രസിഡന്‍റ് ബൈഡനും ഭാര്യ ജില്‍ ബൈഡനും 6,10,702 ഡോളറാണ് 2021 ല്‍ സമ്പാദിച്ചത്. 1,50,439 ഡോളറില്‍ ഫെഡറല്‍ ഇന്‍കം ടാക്‌സ് നല്‍കി. ടാക്‌സ് റേറ്റ് 24.6 ശതമാനമായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് 2021 ല്‍ ബൈഡനും ഭാര്യയും കൂടി നല്‍കിയത് 17394 ഡോളറാണ്.
കമലാ ഹാരിസും ഭര്‍ത്താവും ചേര്‍ന്നു 2021 ല്‍ സമ്പാദിച്ച ഗ്രോസ് ഇന്‍കം 16,55,563 ഡോളറാണ്. ബൈഡന്റേതിനേക്കാള്‍ രണ്ടിരട്ടിയിലധികം.
ഇവര്‍ ഫെഡറല്‍ ടാക്‌സായി നല്‍കിയിരിക്കുന്നത് 523,371 ഡോളറാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നല്‍കിയത് 2,21,006 ഡോളറാണ്. ഇവരുടെ ടാക്‌സ് റേറ്റ് 31.6 ശതമാനമായിരുന്നു.
പൊതുരംഗത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയത് മുതല്‍ കഴിഞ്ഞ 24 വര്‍ഷമായി ബൈഡന്റെ ടാക്സ് വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിനായി പരസ്യപ്പെടുത്തിയിരുന്നു. പ്രസിഡന്റിന്റെ ഫെഡറല്‍ ടാക്‌സ് കണക്കുകള്‍ സുതാര്യമായിരിക്കണമെന്നാണ് ഇതിനെ കുറിച്ചു ബൈഡന്‍ പ്രതികരിച്ചത്.