തിരുവനന്തപുരം: സിൽവർ ലൈൻ സർവേയ്‌ക്കെതിരെ പ്രതിഷേധിച്ച സമരക്കാരെ മര്‍ദ്ദനമുറകളിലൂടെ നേരിട്ട പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. സമരക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസിനെ ജനങ്ങൾ തെരുവില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്‌ത്തിയത്. കെ റെയില്‍ സര്‍വേക്കല്ല് ഇടുന്നതിന്റെ മറവില്‍ പോലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കായികമായി നേരിടുന്ന പോലീസുകാരെ ജനം തെരുവില്‍ കൈകാര്യം ചെയ്യുമെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
ഒരു ഇടവേളക്ക് ശേഷം വീണ്ടും കെ റെയില്‍ കല്ലിടലുമായി തിരുവനന്തപുരം കരിച്ചാറ കോളനിയിലെത്തിയ ഉദ്യോഗസ്‌ഥരുടെ സുരക്ഷയുടെ പേരില്‍ പോലീസ് അഴിഞ്ഞാടുകയാണ്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടിനാഭിക്ക് പോലീസ് ബൂട്ടിട്ട് തൊഴിച്ച് താഴെയിടുന്ന കാഴ്‌ച പ്രതിഷേധാര്‍ഹമാണ്. കോട്ടയം മാടപ്പള്ളിയില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പോലീസ് നടത്തിയ തേര്‍വാഴ്‌ച കേരളം മറന്നിട്ടില്ല. ജനങ്ങളെ കയ്യേറ്റം ചെയ്യാനും ചവിട്ടിമെതിക്കാനും ആരാണ് പോലീസിന് അധികാരം നല്‍കിയത്? സുധാകരൻ പറഞ്ഞു.
പോലീസിന്റെ ലാത്തിക്കും തോക്കിനും മുന്നില്‍ പിന്തിരിഞ്ഞ പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്ന് ആഭ്യന്തര മന്ത്രിയുടെ ഉത്തരവ് നടപ്പാക്കാന്‍ ഇറങ്ങുന്ന പോലീസ് ഉദ്യോഗസ്‌ഥര്‍ തിരിച്ചറിയുന്നതാണ് നല്ലത്. പ്രതിഷേധക്കാരെ കായികമായി നേരിടുന്ന പോലീസ് ഉദ്യോഗസ്‌ഥരെ പൊതുജനം തെരുവില്‍ കെെകാര്യം ചെയ്യുന്ന സ്‌ഥിതിയുണ്ടാകും.
നിയമവാഴ്‌ചയെ വെല്ലുവിളിക്കുന്ന ഇത്തരം ഉദ്യോഗസ്‌ഥരെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യറാകണം. അല്ലെങ്കില്‍ കേരളീയസമൂഹത്തിന്റെ പ്രതിഷേധ പ്രതികരണത്തെ അഭിമുഖീകരിക്കേണ്ടിവരും. അധികാരമുഷ്‌ടി പ്രയോഗിച്ച് സർവേക്കല്ല് സ്‌ഥാപിക്കാന്‍ മുഖ്യമന്ത്രി തുനിഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതെല്ലാം പിഴുതെറിഞ്ഞിരിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, കഴക്കൂട്ടം കരിച്ചാറയിൽ കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് ചവിട്ടി വീഴ്‌ത്തിയെന്ന പരാതിയിൽ പ്രതികരണവുമായി മംഗലപുരം സർക്കിൾ ഇൻസ്‌പെക്‌ടർ രംഗത്ത് വന്നു. പ്രതിഷേധക്കാരെ മനപ്പൂർവം ചവിട്ടി വീഴ്‌ത്തിയിട്ടില്ലെന്നും കെ റെയിൽ ഉദ്യോഗസ്‌ഥർക്ക് സംരക്ഷണം നൽകാനാണ് ശ്രമിച്ചതെന്നും സിഐ സജീഷ് പറഞ്ഞു. പോലീസ് സംയമനത്തോടെയാണ് പ്രവർത്തിച്ചത്. ചവിട്ടിയ ദൃശ്യങ്ങളുണ്ടെങ്കിൽ പരിശോധിക്കാമെന്നും സിഐ പറഞ്ഞു.
സർവേ നടപടികൾ നിർത്തിവെച്ച പ്രദേശമായിരുന്നു കരിച്ചാറ. ചെറിയ ഇടവേളക്ക് ശേഷമാണ് ഇവിടെ വീണ്ടും കല്ലിടാൻ റവന്യൂ ഉദ്യോഗസ്‌ഥർ തീരുമാനിച്ചത്. പദ്ധതി പ്രദേശത്ത് കല്ലിടാൻ ഉദ്യോഗസ്‌ഥർ എത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ തടയാനെത്തി. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു.