“ജോയ്സ്ന സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ഒരു യുവതിയാണ്……പ്രായപൂര്‍ത്തിയായ രണ്ടു പേർ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ കോടതിക്ക് അതിൽ ഇടപെടാനാകില്ല,” ജോയ്സ്നയുടെ പിതാവിന്റെ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച് കേരള ഹൈക്കോടതി പറഞ്ഞു.
ജോയ്സ്ന മേരി ജോസഫ് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള സ്ത്രീയാണെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. ക്രിസ്ത്യൻ യുവതി ജോയ്സ്ന ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്ഐ) നേതാവ് ഷെജിനെ വിവാഹം കഴിച്ചതാണ് വിവാദമായതും കോടതി കയറിയതും. തന്റെ മകളെ ഷെജിന്‍ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് ജോയ്സ്നയുടെ പിതാവ് കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹർജി നല്‍കിയതാണ് ഇരുവരുടേയും വിവാഹം വിവാദത്തില്‍ കലാശിച്ചത്.
ഏപ്രിൽ 19 ചൊവ്വാഴ്ച, ജോയ്സ്നയുടെ വാദങ്ങൾ കേട്ടശേഷമാണ് ജോയ്സ്നയെയും ഷെജിനെയും ഒരുമിച്ച് താമസിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. കോടതിയുടെ സമൻസ് പ്രകാരമാണ് ജോയ്സ്ന ജസ്റ്റിസുമാരായ വിജി അരുൺ, സിഎസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഹാജരായത്. ബെഞ്ച് ജോയ്സ്നയോട് നേരിട്ട് സംസാരിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും തനിക്ക് മേൽ സമ്മർദ്ദമൊന്നുമില്ലെന്നും അവർ കോടതിയെ അറിയിച്ചു. ജോയ്സ്നയെ തട്ടിക്കൊണ്ടുപോയെന്നും ഷെജിനും ജോയ്സ്നയും രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ജോയ്സ്നയുടെ പിതാവ് ജോസഫ് കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ, വിദേശത്തേക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജോയ്സ്നയാണെന്നും, രണ്ട് പേർ വിവാഹിതരാകാൻ തീരുമാനിക്കുമ്പോൾ കോടതിയുടെ ഇടപെടലിന് പരിമിതികളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. നിർബന്ധിത കസ്റ്റഡിയിൽ സൂക്ഷിക്കുകയാണെന്ന് പറയാനാകില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
“സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായ ദമ്പതികൾ അടുത്തതായി എന്തു ചെയ്യണമെന്ന് തീരുമാനിക്കട്ടെ. സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള സ്ത്രീയാണ് ജോയ്സ്ന. 26 വയസ്സുള്ള അവര്‍ വിദേശത്ത് ജോലി ചെയ്തിട്ടുണ്ട്. രണ്ടു പേർ വിവാഹിതരാകാൻ തീരുമാനിച്ചാൽ കോടതിക്ക് അതിൽ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു. “തന്റെ മാതാപിതാക്കളുമായോ കുടുംബവുമായോ ഇടപഴകാൻ ഇപ്പോൾ തനിക്ക് താൽപ്പര്യമില്ലെന്നും, പിന്നീടൊരവസരത്തില്‍ അത് ചെയ്യുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്,” കോടതി പറഞ്ഞു.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ജോയ്സ്ന മറ്റൊരാളുമായുള്ള വിവാഹ നിശ്ചയത്തിനാണ് നാട്ടിലെത്തിയതെങ്കിലും, ഷെജിന്‍ എന്ന മുസ്ലിം യുവാവിനെ ഏപ്രിൽ 12 ന് മാലകൾ കൈമാറി വിവാഹ രജിസ്ട്രേഷനായി അപേക്ഷ നൽകി. ജോയ്സ്നയെ മാതൃ വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ പോലീസ് പരാജയപ്പെട്ടെന്ന് ആരോപിച്ച് പിതാവ് ഹൈക്കോടതിയെ സമീപിച്ചു.
സംസ്ഥാനത്ത് ‘ലവ് ജിഹാദ്’ ഉണ്ടെന്ന് അവകാശപ്പെട്ട് ഒരു സിപിഐ (എം) നേതാവ് രംഗത്തെത്തിയതോടെ അവരുടെ വിവാഹം മാധ്യമശ്രദ്ധ ആകർഷിച്ചു. പിന്നീട് അദ്ദേഹം അത് പിൻവലിച്ചു. മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ ഇസ്ലാം മതത്തിലേക്ക് ബോധപൂർവം വിവാഹം കഴിക്കുന്നുവെന്ന് അവകാശപ്പെടുന്ന വലതുപക്ഷ തീവ്രവാദികൾ പ്രചരിപ്പിക്കുന്ന ഗൂഢാലോചന സിദ്ധാന്തമാണ് ‘ലവ്-ജിഹാദ്’. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന നിലപാടിലാണ് ജോയ്സ്ന.
ജോയ്സ്നയ്ക്കൊപ്പം ഒളിച്ചോടി മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള സാമുദായിക സൗഹാർദം തകർത്ത ഷെജിനെതിരെ പാർട്ടി നടപടിയെടുക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് പറഞ്ഞതോടെ വിഷയം വിവാദമായി.
“ഇരുവരും പ്രണയത്തിലായിരുന്നെങ്കിൽ ഷെജിൻ പാർട്ടിയെ അറിയിക്കണമായിരുന്നു. എന്നാൽ, അത് ചെയ്യാതെ ഷെജിൻ ജോയ്സ്നയോടൊപ്പം ഒളിച്ചോടി, ഇത് സാമുദായിക സൗഹാർദത്തിന് വിഘാതമായേക്കാം,” അദ്ദേഹം പറഞ്ഞു. ‘ലൗ ജിഹാദ്’ എന്ന ചോദ്യം അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, അത് “പാർട്ടി രേഖകളിൽ ഉണ്ടെന്നും” “ലവ് ജിഹാദ് ഉണ്ടെന്നും” അദ്ദേഹം അവകാശപ്പെട്ടു. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച ജോർജ് തന്റെ പരാമർശം പിന്‍വലിക്കുകയും തന്റെ പ്രസ്താവന തെറ്റായി ചിത്രീകരിച്ചിരിക്കുകയാണെന്നും ആരോപിച്ചു.