വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിലെ പെറുവിയൻ എംബസിയിൽ നുഴഞ്ഞുകയറിയ ആളെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നതായി പോലീസ് പ്രസ്താവനയിൽ പറയുന്നു.
ബുധനാഴ്ച വൈകുന്നേരം, വടക്കുപടിഞ്ഞാറൻ ഡിസിയുടെ ഫോറസ്റ്റ് ഹിൽസ് പരിസരത്തുള്ള പെറുവിയൻ അംബാസഡറുടെ വസതിയുടെ ജനാലകൾ തകർത്തതായി സംശയിക്കുന്നയാളെ കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് ചീഫ് റോബർട്ട് കോണ്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആ സമയത്ത് അംബാസഡറുടെ ബന്ധുക്കൾ അകത്ത് ഉണ്ടായിരുന്നു. രാവിലെ 8 മണിയോടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്. ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ള, സംശയാസ്പദമായ ഒരു മനുഷ്യൻ, ലോഹം കൊണ്ടുള്ള ഒരു ആയുധം കൈവശം വെച്ചിരുന്നു എന്നും, പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റു എന്നും അദ്ദേഹം പറഞ്ഞു.
കോൺടീ പറയുന്നതനുസരിച്ച്, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ആദ്യം മാരകമല്ലാത്ത ടേസറുകൾ ഉപയോഗിക്കാൻ ശ്രമിച്ചു. എന്നാൽ, അക്രമിയുടെ കൈവശമുള്ള ആയുധം ഉപേക്ഷിക്കാനോ കീഴടങ്ങാനോ വിസമ്മതിച്ചതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് വെടിയുതിര്‍ക്കേണ്ടി വന്നു. അയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് മേധാവി പറഞ്ഞു. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു.
അംബാസഡറും കുടുംബവും റെസിഡൻഷ്യൽ സ്റ്റാഫും രഹസ്യ സേവന പ്രവർത്തകരും സുരക്ഷിതരാണെന്ന് എംബസി അറിയിച്ചു. യുഎസ് തലസ്ഥാനത്തിന്റെയും മെരിലാൻഡ് സംസ്ഥാനത്തിന്റെയും പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദേശ നയതന്ത്ര
കാര്യാലയങ്ങളെ സംരക്ഷിക്കുന്നത് രഹസ്യാന്വേഷണ വിഭാഗമാണ്.