വാഷിംഗ്ടൺ: പീരങ്കികൾ, ഹോവിറ്റ്‌സർ, വെടിയുണ്ടകൾ, തന്ത്രപരമായ ഡ്രോണുകൾ എന്നിവയുൾപ്പെടെ 800 മില്യൺ യുഎസ് ഡോളർ അധിക സുരക്ഷാ സഹായമായി ഉക്രൈന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു.
അമേരിക്ക സന്ദർശിക്കുന്ന ഉക്രേനിയൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാലുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ബൈഡൻ ഈ തീരുമാനമെടുത്തതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ സഹായം, കിഴക്ക് – ഡോൺബാസ് മേഖലയിൽ പോരാടാനുള്ള ഉക്രെയ്നിന്റെ കഴിവുകൾ കൂടുതൽ വർദ്ധിപ്പിക്കും. ഹെവി ആർട്ടിലറി ആയുധങ്ങൾ, ഡസൻ കണക്കിന് ഹൊവിറ്റ്‌സർ, 144,000 വെടിയുണ്ടകൾ എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തന്ത്രപരമായ ഡ്രോണുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആയിരക്കണക്കിന് കവച വിരുദ്ധ മിസൈലുകൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ഗ്രനേഡ് ലോഞ്ചറുകൾ, മെഷീൻ ഗണ്ണുകൾ, റൈഫിളുകൾ, റഡാർ സംവിധാനങ്ങൾ, കൂടാതെ 50 ദശലക്ഷത്തിലധികം വെടിയുണ്ടകൾ എന്നിവയും യുഎസ് അയച്ചിട്ടുണ്ടെന്ന് ബൈഡന്‍ പറഞ്ഞു.
“ഉക്രെയ്നിലെ എല്ലാ റഷ്യൻ ടാങ്കുകൾക്കും, യുഎസ് 10 മുതൽ 1 അനുപാതത്തിൽ പത്ത് കവച വിരുദ്ധ സംവിധാനങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ഉക്രേനിയൻ സർക്കാരിന് 500 മില്യൺ യുഎസ് ഡോളർ അധികമായി നേരിട്ട് സാമ്പത്തിക സഹായം നൽകാനും യുഎസ് ഉദ്ദേശിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഞങ്ങൾ 1 ബില്യൺ ഡോളർ സാമ്പത്തിക സഹായം ഉക്രെയ്നിന് നൽകിയിട്ടുണ്ട്” അദ്ദേഹം പറഞ്ഞു.