തൃശൂര്‍: ബസ് തകരാറിലായതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം-ബെംഗളൂരു സ്‌കാനിയ ബസിലെ യാത്രക്കാര്‍ തൃശൂരില്‍ കുടുങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരാണ് ഇന്നലെ രാത്രി മുതല്‍ തൃശൂരില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ബെംഗളൂരുവിലെത്തേണ്ട ബസ് ഒടുവില്‍ തൃശൂരില്‍ നിന്ന് പുറപ്പെടുന്നത് രാവിലെ മാത്രമാണ്. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ സ്‌കാനിയക്ക് പകരം എസി ലോഫ്ളോര്‍ ബസില്‍ യാത്രക്കാരെ കയറ്റിവിടുകയായിരുന്നു. ബസ് തൃശൂരിലെത്തിയപ്പോള്‍ എ.സി തകരാറിലായതാണ് യാത്ര മുടങ്ങാന്‍ കാരണമായത്.
യാത്ര തുടരാന്‍ പുതിയ സ്‌കാനിയ ബസ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമേയുള്ളു എന്നായിരുന്നു അധികൃതരുടെ മറുപടി. പുലര്‍ച്ചെ മൂന്നരയായതിനാല്‍ ഇവിടങ്ങളില്‍ നിന്ന് മറ്റൊരു ബസ് എത്തിക്കാനാവില്ലെന്നും ഇവര്‍ യാത്രക്കാരോട് പറഞ്ഞു. തുടര്‍ന്ന് രാവിലെ ആറ് മണിവരെ യാത്രക്കാര്‍ തൃശൂരില്‍ തുടരേണ്ടിവന്നു. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഒരു എ.സി ലോഫ്ളോര്‍ ബസില്‍ ഇവരെ കോഴിക്കോടേക്ക് അയക്കുകയായിരുന്നു.
കോഴിക്കോട് എത്തിയ ശേഷം സ്‌കാനിയ ബസില്‍ ബെംഗളൂരുവിലേക്ക് പോകാമെന്നാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സി പറയുന്നത്.