കതാറയില്‍ അപൂര്‍വാനുഭവമായി മലയാളി റമദാന്‍ സംഗമം

ദോഹ: ഖത്തറിന്റെ സാംസ്‌കാരിക തലസ്ഥാനമായ കതാറയുടെ ചരിത്രത്തില്‍ അപൂര്‍വാനുഭവമായി മലയാളി റമദാന്‍ സംഗമം. ലോക ശ്രദ്ധ നേടിയ കതാറ ആംഫി തിയേറ്ററിന്റെ വിശാലമായ വേദിയില്‍ ഇതാദ്യമായി നടന്ന മലയാള റമദാന്‍ പ്രഭാഷണം കേള്‍ക്കാന്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഒഴുകിയെത്തി. തിങ്ങി നിറഞ്ഞ ആംഫി തിയറ്റര്‍ മഹാമാരിക്കു ശേഷമുള്ള മലയാളികളുടെ റമദാന്‍ സംഗമ വേദി കൂടിയായി.

റമദാനിന്റെ സന്ദേശവും ആത്മാവും ദോഹയിലെ ആയിരക്കണക്കിന് മലയാളി കുടുംബങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നത് ലക്ഷ്യം വച്ച് ഖത്തര്‍ ഇസ്ലാമിക കാര്യമന്ത്രാലയം- കതാറ കള്‍ച്ചറല്‍ വില്ലേജുമായി സഹകരിച്ച് ആംഫി തിയേറ്ററില്‍ സംഘടിപ്പിച്ചതാണ് കതാറ റമദാന്‍ സംഗമം.

യുവപണ്ഡിതനും വാഗ്മിയും കേരള ഇസ്ലാമിക പണ്ഡിത സഭാംഗവും സെന്റര്‍ ഫോര്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച് ദോഹ ഡയറക്ടറുമായ ഡോ. അബ്ദുല്‍വാസിഅ് ധര്‍മഗിരി സംഗമത്തില്‍ റമദാന്‍ പ്രഭാഷണം നടത്തി.

ജീവിതവിഭവങ്ങള്‍ ഉളളവര്‍ ഇല്ലാത്തവര്‍ക്ക് പകുത്തുനല്‍കുന്നതിലൂടെ സാമൂഹിക സന്തുലിതത്വം സൃഷ്ടിക്കാനുള്ള ശ്രമമാണ് റമദാനില്‍ നടക്കേണ്ടതെന്നു ഡോ. അബ്ദുല്‍വാസിഅ് ധര്‍മഗിരി പ്രഭാഷണത്തില്‍ ആഹ്വനം ചെയ്തു.

നോമ്പെടുത്തിട്ടും അയല്‍ക്കാരന്റെ വിശപ്പിന്റെ വിളി കേള്‍ക്കാതിരിക്കുന്ന അവസ്ഥയില്‍ നോമ്പിന്റെ ആത്മാവ് നഷ്ടപ്പെടും. ദാന ധര്‍മ്മങ്ങള്‍ മുറപോലെ അനുഷ്ഠിച്ചിട്ടും കൊടുക്കുന്നവന്‍ വാങ്ങുന്നവന്‍ എന്ന അനുപാതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍ റമദാന്‍ മുന്നോട്ടു വെക്കുന്ന സാമൂഹിക വിഭാവന പൂര്‍ത്തിയാക്കപ്പെടുന്നില്ല.

വിശപ്പും ദാഹവുമറിയുന്നവനേ സഹജീവിയുടെ വേദനയറിയൂ. വയറൊട്ടിയവന്റെ വേവലാതികളറിയാതെ ധൂര്‍ത്തും ദുര്‍വ്യയവുമായി ഇഫ്താറുകള്‍ ആഘോഷമാക്കുന്നവര്‍ നോമ്പിന്റെ പൊരുളറിയാത്തവരാണ്. ഇസ്ലാമിലെ എല്ലാ ആരാധനകളിലും സാമൂഹികതയുടെ മുഖം കൂടിയുണ്ട്. കര്‍മങ്ങളിലെ പോരായ്മകള്‍ക്ക് നിശ്ചയിക്കപ്പെട്ട പ്രായശ്ചിത്തങ്ങളിലെല്ലാം സമൂഹത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനമാണ് ഇസ്ലാം. ദുര്‍ബലരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും വിമോചനവും വിഭവങ്ങളുടെ പങ്കുവെപ്പും നിര്‍ബന്ധമാക്കുക വഴി വിശ്വാസിയുടെ സാമൂഹികപ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. ദേശത്യാഗം ചെയ്ത് മദീനയിലെത്തിയ വിശ്വാസി സംഘത്തിന് ജീവിതവിഭവങ്ങള്‍ വാരിക്കോരി നല്‍കി ചേര്‍ത്തുനിര്‍ത്തിയ പാരമ്പര്യമാണ് ഇസ്ലാമിനുള്ളത്.

ദുര്‍ബലന്റെ പ്രാര്‍ഥനകളാണ് ലോകത്തെ സുഗമമായി മുന്നോട്ടുനയിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മോഹങ്ങളെ നിയന്ത്രിച്ചും ആത്മീയമായി ഉയര്‍ത്തിയും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മാതൃകായോഗ്യരായ മനുഷ്യരെ സൃഷ്ടിച്ചെടുക്കുകയാണ് നോമ്പ് എന്ന് പരിപാടിയില്‍ ആമുഖ ഭാഷണം നിര്‍വഹിച്ച ടി .കെ ഖാസിം പറഞ്ഞു. ഇസ്ലാമോഫോബിയയുടെ കാലഘട്ടത്തില്‍ ആത്മാഭിമാനത്തോടെ എഴുന്നേറ്റ് നില്‍ക്കാന്‍ വിശ്വാസികളെ പ്രാപ്തമാക്കുന്നതാണ് വ്രതാനുഷ്ഠാനമെന്നും അദ്ദേഹം ഉണര്‍ത്തി.

ഡോ. അബ്ദുല്‍ വാസിഇനുള്ള മന്ത്രാലയത്തിന്റെ ഉപഹാരം അബ്ദുല്ലാഹ് ബിന്‍ സൈദ് കള്‍ച്ചറല്‍ സെന്റര്‍ കമ്മ്യൂണിറ്റി മാനേജര്‍ നാസിര്‍ ബിന്‍ ഇബ്റാഹിം അല്‍ മന്നാഇ സമ്മാനിച്ചു.

യാസിര്‍ ഇല്ലത്തൊടി പരിപാടി നിയന്ത്രിച്ചു. ഹംസ മുഹ് യുദ്ദീന്‍ ഖിറാഅത്തും നൗഫല്‍ പാലേരി നന്ദിയും പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News