ചിക്കാഗോ: മൂന്ന് ദശാബ്ദത്തിൽ അധികമായി അമേരിക്കയിൽ ചിക്കാഗോയിൽ സ്ഥിരതാമസക്കാരനായ മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി നവീൻ ചാത്തപ്പുറത്തിൻറെ ഭാവനയിൽ വിരിഞ്ഞ ഒരു മുഴുനീള ത്രില്ലർ ഹോളിവുഡ് ചിത്രം റിലീസിങ്ങിന് ആയി ഒരുങ്ങുന്നു.
നവീൻ ചാത്തപ്പുറം കഥയെഴുതി സംവിധാനം നിർവഹിച്ച103 മിനിറ്റ്സ് ദൈർഘ്യമുള്ള “ദി ലാസ്റ്റ് വിക്റ്റിം” ( The Last Victim) എന്ന ചിത്രം അമേരിക്കയിൽ മെയ് 13ന് ഒരേസമയം തിയേറ്ററുകളിലും, OTT യിലും റിലീസ് ചെയ്യുന്നു.
സൺസ് ഓഫ് അനാർക്കി ടിവി സീരീസിലും, ഹെൽബോയ് എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ച റോൺ പേൾമൻ(Ron Perlman) ആണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇദ്ദേഹം 40 വർഷമായി ഹോളിവുഡിലെ നിറസാന്നിധ്യമാണ്.
ഫൈനൽ ഡെസ്റ്റിനേഷൻ, റെസിഡൻറ് ഈവിൾ എന്ന ഫ്രാഞ്ചൈസ് സിനിമകളിൽ അഭിനയിച്ച പ്രശസ്ത നടിയായ ആലി ലാർട്ടർ ആണ് നായിക.
ഗെയിം ഓഫ് ത്രോൺസ്, ഹാരി പോർട്ടർ, ദി വിറ്റ്ച്ച് എന്ന സിനിമകളിലെ അഭിനേതാവും, അവാർഡ് വിന്നറും ആയ റാല്ഫ് ഐനിസൺ സഹനായകനായും എത്തുന്നു.
ന്യൂ മെക്സിക്കോയിലെ ഒരു ചെറുപട്ടണത്തിൽ കൂടി സഞ്ചരിക്കുന്ന ദമ്പതികൾ അപ്രതീക്ഷിതമായി കാണാൻ ഇടയായ കുറ്റകൃത്യവും അതിനെ തുടർന്നുള്ള പോലീസ് അന്വേഷണവുമാണ് ഈ ത്രില്ലർ ചിത്രത്തിൻറെ കഥാ തന്തു. ദമ്പതികൾ, ക്രിമിനൽസ്, ഷെറീഫ് എന്നിവരിലൂടെയാണ് കഥ വികസിക്കുന്നത്. ഒരു ന്യൂ വെസ്റ്റേൺ സ്റ്റൈലില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്ക്ക്.
ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇതിനോടകം ഐജിഎൻ (IGN) എന്ന ഫാൻ പോർട്ടൽ ലോഞ്ച് ചെയ്യുകയും, ഏറെ ജനശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
നവീൻ ചാത്തപ്പുറം കോളേജ് ഓഫ് കൊളംബിയയിൽ ഡയറക്ടിംഗ് പഠനത്തിനുശേഷം മികച്ച ഒരു പ്രോജക്റ്റിനെപറ്റി ചിന്തിക്കുകയും ‘ദി ലാസ്റ്റ് വിക്റ്റിം’ എന്ന സിനിമയിൽ എത്തിച്ചേരുകയും ചെയ്തു.
എന്നും സിനിമയെ മനസ്സിൽ താലോലിക്കുന്ന നവീൻ ചാത്തപ്പുറത്തിന് പ്രചോദനമായി ഭാര്യ പ്രിയയും, മകൾ ഈശയും, കുടുംബാംഗങ്ങളും ഒപ്പമുണ്ട്.