ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിൽ ഇന്ന് ഹൈദരാബാദ് ഹൗസിൽ ഉഭയകക്ഷി ചർച്ചകൾ നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങൾക്ക് മുന്നിൽ സംയുക്ത പ്രസ്താവന നടത്തി. ഇതിനിടെ ഇന്ത്യയുടെ മുന്നേറ്റത്തെ വാനോളം പുകഴ്ത്താനും ബോറിസ് ജോൺസൺ മറന്നില്ല. ഇന്ന് ഇന്ത്യ ലോകത്തിന്റെ മുഴുവൻ ഫാർമസിയായി മാറിയെന്നും, എന്റെ കൈയിലുള്ള കൊറോണ വാക്സിൻ പോലും ഇന്ത്യയിൽ നിര്‍മ്മിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അതിന് ഞാൻ ഇന്ത്യക്ക് ഒരുപാട് നന്ദി പറയുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സിൻ ബ്രിട്ടനിൽ അസ്ട്രാസെനെക്ക എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (സിഐഐ) ആണ് ഇത് നിർമ്മിക്കുന്നത്, അസ്ട്രസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്നാണ് ഇതിന്റെ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയത്. ഈ സമയത്ത് പ്രധാനമന്ത്രി മോദിയെ തന്റെ പ്രത്യേക സുഹൃത്താണെന്ന് ജോൺസൺ വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം ഒരു സുപ്രധാന സംഭാവന നൽകിയിട്ടുണ്ടെന്നും പറഞ്ഞു.
രണ്ട് രാഷ്ട്രത്തലവന്മാരും തമ്മിലുള്ള ചർച്ചയിൽ, ഞങ്ങൾ എല്ലാ വിധത്തിലും ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും, ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ഇന്നത്തെ കാലഘട്ടത്തിൽ നിർണായകമാണെന്നും ജോണ്സണ് പറഞ്ഞു.
വിമാന നിർമാണത്തിൽ ഇന്ത്യയെ സഹായിക്കാൻ ബ്രിട്ടന് തയ്യാറാണെന്നും, സാങ്കേതികവിദ്യകള്‍ തങ്ങള്‍ പങ്കിടുമെന്നും ബ്രിട്ടൻ പറഞ്ഞു.