കോട്ടയം: കോൺഗ്രസ് പാർട്ടി സാധാരണക്കാരിൽ നിന്ന് അകലുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പാർട്ടി ഏറ്റെടുക്കുന്നില്ലെന്നും പാർട്ടി ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ നേതൃയോഗത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
കോട്ടയം ജില്ലയിലാണ് ഏറ്റവും മോശം പ്രവര്‍ത്തനം നടക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയാണ്. പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് വ്യാപകമാകുന്നുണ്ട്. സാമൂഹിക സംഘടനകള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശക്തികേന്ദ്രങ്ങള്‍ ആയിരുന്നിടങ്ങളില്‍ പോലും നിലവില്‍ പ്രവര്‍ത്തനം ഇല്ലാത്ത അവസ്ഥയാണ്. പ്രശ്നങ്ങളുമായെത്തുന്ന ജനങ്ങളെ സഹായിക്കണം. അല്ലാതെ വാചക കസര്‍ത്ത് മാത്രം നടത്തിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. യോഗത്തില്‍ ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷും പങ്കെടുത്തിരുന്നു.