മലപ്പുറം: പാണമ്പ്രയില്‍ അശ്രദ്ധമായി വാഹനമോടിച്ചയാളെ ചോദ്യം ചെയ്തതിന് നടുറോഡില്‍ വച്ച് മര്‍ദനമേറ്റ സഹോദരിമാര്‍ക്ക് നേരെ സൈബര്‍ ആക്രമണമെന്ന് പരാതി. മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാക്കളാണ് സൈബര്‍ ആക്രമണം നടത്തുന്നതെന്ന് സഹോദരിമാര്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെ ലൈംഗിക ചുവയോടെയുള്ള സൈബര്‍ ആക്രമണം നടക്കുന്നതെന്ന് കരിങ്കലത്താണി സ്വദേശിനികളായ അസ്ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവര്‍ പറഞ്ഞു. ലീഗിന്റെ നേതാവും തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷററുമായ റഫീഖ് പാറയ്ക്കലാണ് സമൂഹമാധ്യമത്തില്‍ യുവതികള്‍ക്കെതിരെ മോശമായി പോസ്റ്റിട്ടത്.
ഇതിനെതിരെ യുവതികള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി. വസ്ത്രധാരണത്തെ പറ്റിയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുമുള്ള കമന്റുകള്‍ ഫേക്ക് അക്കൗണ്ടില്‍ കൂടി വരുന്നുണ്ടെന്നും പരാതിയില്‍ വ്യക്തമാണ്. മതവിദ്വേഷം പ്രചരിപ്പിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് യുവതികള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയത്.
അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിനാണ് പെണ്‍കുട്ടികളെ ലീഗ് നേതാവ് സി.എച്ച്. ഇബ്രാഹിം ഷബീര്‍ നടുറോഡില്‍ വച്ച് മര്‍ദിച്ചത്. സംഭവത്തിന് പിന്നാലെ നേതാവിനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പോലീസ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ തേഞ്ഞിപ്പാലം പോലീസ് വീണ്ടും പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.