ന്യൂയോര്‍ക്ക്: ഏപ്രിൽ ഇരുപത്തിനാലാം തീയതി ഞായറാഴ്ച ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് തിരുമേനി യോങ്കേഴ്സ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവക സന്ദർശിക്കുകയും, വിശുദ്ധ കുർബാന അർപ്പിച്ച് ഇടവക ജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു.
ഇടവക വികാരി വെരി റവ. ചെറിയാൻ നീലാങ്കല്‍ കോറെപ്പിസ്കോപ്പ, സഹവികാരി ഫാ. ഷോണ്‍ തോമസ്, ഇടവക സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ആത്മീയ സംഘടനകൾ ചേർന്ന് മെത്രാപോലിത്തയെ ഹാർദ്ദവമായി സ്വീകരിച്ചു.
അന്നേദിവസം ആഷർ വറുഗീസിനെയും, മൈക്കിൾ ജോർജിനെയും മദ്ബഹാ ശുശ്രൂഷകൾക്ക് നിയോഗിക്കപ്പെട്ടു. തിരുമേനിയുടെ പ്രസംഗത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനത്തെ പറ്റി എടുത്തു പറഞ്ഞു. സഭാ വിശ്വാസികളുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ച് അനുഭവജ്ഞാനമുണ്ടാകണം. അത് കൂദാശകള്‍, ആദ്ധ്യാത്മിക ജീവിതം, വേദ പുസ്തക പാരായണം, ദിവ്യബലിയിൽ മുടങ്ങാതെ പങ്കെടുക്കല്‍ മുതലായവയിലൂടെ നമ്മുടെ സ്വന്തം ജീവിതത്തിൽ തോമാശ്ലീഹായുടെ വിശ്വാസത്തെ ഏറ്റുപറഞ്ഞ് അത് പ്രവർത്തിയില്‍ കൊണ്ടുവരുവാൻ ഇടയാകട്ടെ എന്നും തിരുമേനി ആഹ്വാനം ചെയ്തു.
പ്രയാസ ഘട്ടങ്ങളില്‍ തിരുമേനി സഭയ്ക്കുവേണ്ടി ചെയ്ത എല്ലാ ത്യാഗത്തിനും വികാരി ചെറിയാന്‍ നീലാങ്കല്‍ നന്ദി പറയുകയും, തിരുമേനിയോടൊപ്പം വന്ന ഗീവറുഗീസ് മാത്യൂസിനെ പള്ളിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.