ഹ്യൂസ്റ്റണ്‍: ഏപ്രിൽ 10-ാം തീയതി ഞായറാഴ്ച ഷുഗർ ലാൻഡ് മെമ്മോറിയൽ പാർക്കിൽ വച്ച് മലയാളി അസ്സോസിയേഷൻ നടത്തിയ ഈസ്റ്റർ എഗ്ഗ് ഹണ്ടിംഗ് വളരെ വിജയകരവും സന്തോഷകരവുമായിരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രതികൂല കാലാവസ്ഥയായിരുന്നിട്ടു കൂടി കൊച്ചു കുഞ്ഞുങ്ങൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ പരിപാടിയില്‍ പങ്കെടുത്തു. ഒളിച്ചുവെച്ച മുട്ടകൾ കുട്ടകളിൽ ഓടിനടന്ന് പെറുക്കിയെടുത്ത് കുഞ്ഞുങ്ങൾ സന്തോഷത്തോടെ ഓടിച്ചാടി നടന്ന് ആഹ്ലാദിക്കുന്നത് മനം കവരുന്ന, മനസ്സിന് സന്തോഷം നൽകുന്ന ഒരു കാഴ്ചയായിരുന്നു എന്ന് എച്ച് എം എ യുടെ പ്രസിഡന്റ് ഷീല ചെറു അറിയിച്ചു.
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ജൂലി ജേക്കബ് കുടുംബസമേതം പങ്കെടുത്തതും ഉദ്ഘാടനം ചെയ്തതും പ്രത്യേകതയായിരുന്നു. പ്രവേശനം സൗജന്യമായിരുന്നു എന്നതും അഭിനന്ദനീയമായിരുന്നു. എച്ച് എം എ പ്രസിഡൻറ് ഷീല ചെറു, സെക്രട്ടറി ഡോ. നജീബ് കുഴിയിൽ, ജോയിന്റ് സെക്രട്ടറി ടിഫനി സാല്‍ബി, മെമ്പർഷിപ്പ് ചെയർപേഴ്സൺ സ്മിത റോബി, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർപേഴ്സൺ പ്രതീശന്‍ പാണഞ്ചേരി എന്നിവർ സന്നിഹിതരായിരുന്നു.
ഈസ്റ്റര്‍ എഗ്ഗ് ഹണ്ടിംഗില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും, കുഞ്ഞുങ്ങൾക്കും, അവരുടെ മാതാപിതാക്കള്‍ക്കും, വൊളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ച ഹൈസ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്കും, ഷുഗർ ലാൻഡ് സിറ്റി-മെമ്മോറിയൽ പാര്‍ക്ക് അധികാരികൾക്കും ഡോ. നജീബ് കുഴിയിൽ നന്ദി പ്രകാശിപ്പിച്ചു.