ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി കേരളത്തിലേക്ക് മടങ്ങുന്നു. പാര്‍ട്ടി അനുവദിക്കുന്ന കാലത്തോളം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലുണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. സമയം ആകുമ്പോള്‍ പദവികളില്‍ നിന്നും മാറണമെന്നാണ് തന്റെ നിലപാട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഇനി പ്രവര്‍ത്തന മേഖല കേരളമാണെന്നും തന്നെപ്പോലെ പാര്‍ട്ടി മറ്റാര്‍ക്കും അവസരം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നെഹ്‌റു കുടുംബത്തിന്റെ നേതൃത്വമാണ് കോണ്‍ഗ്രസിന്റെ നട്ടെല്ലെന്നു അവരില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലെന്നും ആന്റണി വ്യക്തമാക്കി. 2004-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പ്രവര്‍ത്തന മേഖല ഡല്‍ഹിക്ക് മാറ്റിയത്. പിന്നീട് രണ്ടു യുപിഎ സര്‍ക്കാരുകളില്‍ പ്രതിരോധമന്ത്രി പദവിയില്‍ തിളങ്ങി.