ഗുജറാത്ത് മോഡല്‍: പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ഇ-ഗവേണന്‍സ് പഠിക്കാന്‍ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഗുജറാത്തിലേക്ക് അയയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മിറ്റി ദേശീയ ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനമാണിത്. സര്‍ക്കാരിനെ നെഞ്ചോടുചേര്‍ത്ത് അഭിനന്ദിക്കുന്നു. കാരണം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും തുടര്‍ന്നും ഗുജറാത്തില്‍ സമസ്ത മേഖലയിലുണ്ടായ വികസനം വളരെ വലുതാണ്. ഇ-ഗവേണന്‍സ് രംഗത്ത് മാത്രമല്ല കാര്‍ഷിക-വ്യാവസായിക രംഗങ്ങളിലും വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. അടിസ്ഥാനവികസന രംഗത്തെ മാറ്റം മാതൃകാപരമാണ്. 14 വര്‍ഷം മുമ്പ് പാര്‍ട്ടിക്കകത്തും പുറത്തും ഗുജറാത്ത് വികസന മാതൃകയാണെന്നു പറഞ്ഞതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടയാളാണ് താന്‍. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന തന്റെ നിലപാട് ശരിവയ്ക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. വൈകിവന്ന ബുദ്ധിയെന്ന് കുറ്റപ്പെടുത്തുന്നില്ല. മറിച്ച് ആത്മാര്‍ത്ഥമായി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

ഗുജറാത്തിന്റെ മാത്രമല്ല ഉത്തര്‍പ്രദേശിന്റെ വികസനമാതൃകയും കേരളം പഠിക്കണം. കെഎസ്ആര്‍ടിസി സംഘത്തെ അങ്ങോട്ട് പറഞ്ഞയയ്ക്കണം. 183 കോടി നഷ്ടത്തിലായിരുന്ന യുപിയിലെ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ആറുമാസം കൊണ്ട് 81 കോടി ലാഭത്തിലെത്തിച്ചതാണ് യോഗിയുടെ ഭരണം. നെതര്‍ലന്‍ഡിലേക്ക് പഠിക്കാന്‍ പോകുന്ന കെഎസ്ആര്‍ടിസി എംഡിയെ യുപിയിലേക്കയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. രാഷ്ട്രീയ അതിപ്രസരവും നോക്കുകൂലിയും ഹര്‍ത്താലും ബന്ദും നടത്തി ജനങ്ങളെ ബന്ദിയാക്കുന്ന രാഷ്ട്രീയം കേരളത്തിലെ ഇടത്-വലത് നേതൃത്വം മതിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

 

Print Friendly, PDF & Email

Leave a Comment

More News