കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോ പിന്‍വലിച്ചു. താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണെന്നും പറഞ്ഞാണ് വിജയ് ബാബു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ ഇരയുടെ പേര് പറഞ്ഞത്.
ചൊവ്വാഴ്ച രാത്രി വൈകിയാണ് വിശദീകരണവുമായി വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഈ വിശദീകരണത്തിനിടയിലാണ് പരാതി നല്കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയല്ല താനാണ് ശരിക്കുള്ള ഇരയെന്നാണ് വിജയ് ബാബു വിശദീകരണത്തില്‍ പറയാന്‍ ശ്രമിച്ചത്.
ഇതിനിടയില്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതാണ് നടന് പുതിയ കുരുക്കായി മാറിയിരിക്കുന്നത്. 400 മെസേജുകളുടെ സ്ക്രീന്‍ ഷോട്ട് തന്റെ കൈവശമുണ്ടെന്നും നടന് പറഞ്ഞിരുന്നു. ഫൈറ്റ് ചെയ്യാന്‍ തയാറാണെന്നും പരാതിക്കാരിയുടെ മെസേജുകള്‍ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇരയുടെ പേര് വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് പുതിയ ഒരു കേസ് കൂടി വിജയ് ബാബുവിനെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്തു.