പ്രവാസി കുടുബാംഗങ്ങള്‍ക്കും നോര്‍ക്കയിലും പ്രവാസി ക്ഷേമനിധിയിലും അംഗത്വമെടുക്കാം

റിയാദ്: വിദേശത്തു താമസിക്കുന്ന പ്രവാസി കുടുബാംഗങ്ങള്‍ക്കും നോര്‍ക്കയിലും പ്രവാസി ക്ഷേമനിധിയിലും അംഗത്വമെടുക്കാമെന്ന് നോര്‍ക്കയുടെയും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെയും പ്രതിനിധികള്‍ പറഞ്ഞു.

അപേക്ഷകര്‍ അതാത് രാജ്യങ്ങളില്‍ ഫാമിലി വിസയോടുകൂടി ആറ് മാസത്തിലധികം താമസിക്കുന്നവരായിരിക്കണം. ഇവര്‍ ഏതെങ്കിലും തൊഴില്‍ വിസയിലായിരിക്കണമെന്ന നിബന്ധനയില്ലെന്നും ‘കോഴിക്കോടന്‍സ്’ സംഘടിപ്പിച്ച നോര്‍ക്ക റൂട്‌സ് – പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ബോധവല്‍ക്കരണ വെബിനാറില്‍ പങ്കെടുത്തു സംസാരിക്കവെ ഇവര്‍ വ്യക്തമാക്കി. കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ ഹര്‍ഷാദ് ഫറോക്ക് അധ്യക്ഷത വഹിച്ചു.

പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ നോര്‍ക്ക വഴിയും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മുഖേനയും നടന്നു വരുന്നുണ്ട്. നോര്‍ക്ക ഇന്‍ഷുറന്‍സ് പരിരക്ഷ, പുനരധിവാസം ലക്ഷ്യമിട്ടുള്ള പ്രവാസി ഭദ്രത, വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പാക്കിയ അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ക്ഷേമനിധി പെന്‍ഷന്‍, ചികിത്സ – വിവാഹ സഹായങ്ങള്‍ തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ് .

പതിനെട്ട് വയസ്സുമുതല്‍ അറുപത് വയസ്സുവരെയുള്ള ഏതൊരു പ്രവാസിക്കും പൂര്‍ണമായും ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കാവുന്നതാണ്. മാത്രമല്ല വിദേശത്തുകഴിയുന്ന വീട്ടമ്മമാര്‍ക്കും ഇതില്‍ അംഗങ്ങളാകാം.

വിദേശത്തു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ്‌സ് ഐഡി കാര്‍ഡ് നല്‍കി വരുന്നുണ്ട്. എന്നാല്‍ അറിവില്ലായ്മ കാരണം വളരെയധികം ആളുകള്‍ക്ക് ഇപ്പോഴും ഇത്തരം ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നും അതിനായി ബോധവല്‍ക്കരണ പരിപാടികള്‍ കൂടുതല്‍ നടക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിശദ വിവരങ്ങള്‍ നോര്‍ക്കയുടെയും വെല്‍ഫെയര്‍ ബോര്‍ഡിന്റെയും വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

നോര്‍ക്ക റൂട്‌സ് തിരുവനന്തപുരം അസിസ്റ്റന്റ് മാനേജര്‍ ശ്രീലത ടി. സി, നോര്‍ക്ക റൂട്‌സ് കോഴിക്കോട് മേഖല ഓഫീസ് സെന്റര്‍ മാനേജര്‍ അനീഷ്. ടി, കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് കോഴിക്കോട് ജില്ലാ എസ്സിക്യൂട്ടീവ് ഓഫീസര്‍ ഇന്‍ചാര്‍ജ് രാകേഷ്. ടി എന്നിവര്‍ സംസാരിച്ചു. മുനീബ് പാഴൂര്‍, മുഹമ്മദ് ഷഹീന്‍, ഷമീം മുക്കം എന്നിവര്‍ വെബിനാര്‍ നിയന്ത്രിച്ചു. പ്രോഗ്രാം ലീഡ് ഫൈസല്‍ പൂനൂര്‍ സ്വാഗതവും വെല്‍ഫെയര്‍ ലീഡ് മജീദ് പൂളക്കാടി നന്ദിയും പറഞ്ഞു.

ഷക്കീബ് കൊളക്കാടന്‍

 

Print Friendly, PDF & Email

Leave a Comment

More News