കൊച്ചി: ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ സിനിമ നിര്‍മ്മാതാവും തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകനും പിടിയില്‍. നിര്‍മ്മാതാവ് ടി.എ സിറാജുദ്ദീനും നഗരസഭ ചെയര്മാന് എ.എ ഇബ്രഹിംകുട്ടിയുടെ മകന് ഷാബിനുമാണ് കസ്റ്റംസിന്റെ പിടിയിലായത്.
ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ആന്റ് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. തൃക്കാക്കരയിലെ തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു ഇറച്ചിവെട്ട് യന്ത്രം ഇറക്കുമതി ചെയ്തത്. ഈ സ്ഥാപനത്തിന്റെ ഉടമയാണ് സിറാജുദ്ദീന്. സ്വര്‍ണം കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെത്തിയ നകുല്‍ എന്നയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ഇന്നലെ രാത്രിയാണ് ഷബിനെ കൊച്ചിയില്‍ നിന്നും പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. ഇന്ന ഉച്ചയോടെ അറസ്റ്റു രേഖപ്പെടുത്തുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. സിറാജുദ്ദീനെ എവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല.