ചണ്ഡീഗഢ്: ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിലുള്ള ശിവസേന അംഗങ്ങളും ഖാലിസ്ഥാൻ അനുഭാവികളും തമ്മിൽ കാളി മാതാ ക്ഷേത്രത്തിന് പുറത്ത് ഏറ്റുമുട്ടിയതിനെത്തുടർന്ന് പോലീസ് ആകാശത്തേക്ക് വെടി വെച്ചു. തുടര്‍ന്ന് പട്യാല നഗരത്തില്‍ വെള്ളിയാഴ്ച കർഫ്യൂ ഏർപ്പെടുത്തി. ഇരു സംഘങ്ങളും പരസ്പരം കല്ലെറിയുകയും വാളുകൾ വീശുകയും ചെയ്തതായി പോലീസ് പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കനത്ത പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും പട്യാല റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ രാകേഷ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധക്കാരിൽ ചിലർ ആക്രമിക്കപ്പെട്ടുവെന്ന അഭ്യൂഹത്തെ തുടർന്നാണ് സംഘർഷം തുടങ്ങിയത്.
ശിവസേനയുടെ ഖാലിസ്ഥാൻ ‘മുർദാബാദ് മാർച്ചിനെ’ എതിർക്കാൻ ദുഖ് നിവാരൺ സാഹിബ് ഗുരുദ്വാരയ്ക്ക് മുന്നിൽ തടിച്ചുകൂടിയ നിഹാങ്‌സ് ഖാലിസ്ഥാൻ അനുകൂലികള്‍ മുദ്രാവാക്യങ്ങൾ ഉയർത്തി ക്ഷേത്രത്തിലേക്ക് മാർച്ച് ചെയ്തതായി ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു.
ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന നിഹാംഗുകളെ തടയാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി പോലീസ് പറഞ്ഞു.
സംഘട്ടന സംഭവം അങ്ങേയറ്റം പരിതാപകരവും ദൗർഭാഗ്യകരവുമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ഭഗവന്ത് മാൻ, നീണ്ട പരമ്പരാഗത സ്നേഹവും സമാധാനവും, സാഹോദര്യവും, ഐക്യവും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ക്രമസമാധാനം എന്ത് വിലകൊടുത്തും പരിപാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഈ പ്രതിസന്ധി ഘട്ടത്തിൽ സംയമനം പാലിച്ചുകൊണ്ട് പോലീസിനും സിവിൽ അധികാരികൾക്കും പൂർണ്ണ പിന്തുണയും സഹകരണവും നൽകണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കഷ്ടപ്പെട്ട് നേടിയെടുത്ത സമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“പട്യാലയിലെ സംഘർഷ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഞാൻ ഡിജിപിയുമായി സംസാരിച്ചു, പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചു. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ല. പഞ്ചാബിന്റെ സമാധാനവും സൗഹാർദവും പരമപ്രധാനമാണ്,” മാൻ ട്വീറ്റ് ചെയ്തു.
തന്റെ സർക്കാരിന്റെ ഉറച്ച പ്രതിജ്ഞാബദ്ധത ആവർത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “സമാധാന അന്തരീക്ഷം തകർക്കാൻ ഒന്നും ചെയ്യേണ്ടതില്ല, കാരണം പഞ്ചാബിനെ രാജ്യത്തെ ഏറ്റവും സമാധാനപരവും സൗഹാർദ്ദപരവും സമൃദ്ധവുമായ സംസ്ഥാനമാക്കി മാറ്റാൻ ഞങ്ങൾ എല്ലാവരും ധാർമ്മികമായി പ്രതിജ്ഞാബദ്ധരാണ്.”
പ്രതിരോധ നടപടിയെന്ന നിലയിൽ ശനിയാഴ്ച രാവിലെ വരെ പട്യാലയില്‍ കർഫ്യൂ ഏർപ്പെടുത്തി.
ആര്യസമാജ് ചൗക്കിൽ നിന്ന് കാളി ദേവി ക്ഷേത്രത്തിലേക്ക് നടന്ന വിഘടനവാദ വിരുദ്ധ മാർച്ചിന് നേതൃത്വം നൽകിയത് ശിവസേനയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് സിംഗ്ലയാണ്. അവർ ഖാലിസ്ഥാനെതിരെ മുദ്രാവാക്യം മുഴക്കുകയായിരുന്നു.
പഞ്ചാബിലോ ഇന്ത്യയിലെവിടെയോ ഖലിസ്ഥാൻ രൂപീകരിക്കാൻ ശിവസേന ഒരിക്കലും അനുവദിക്കില്ലെന്നും സിംഗ്ല പറഞ്ഞു. ഏപ്രിൽ 29 ന് ഖാലിസ്ഥാന്റെ സ്ഥാപക ദിനം ആഘോഷിക്കാൻ നിരോധിത സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) തലവൻ ഗുർപത്വന്ത് സിംഗ് പന്നു ആഹ്വാനം നൽകിയതായും അദ്ദേഹം പറഞ്ഞു.
സംഘർഷത്തെക്കുറിച്ച് പ്രതികരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അതിർത്തിയിൽ സംവേദനക്ഷമതയുള്ള സംസ്ഥാനത്ത് സമാധാനവും ഐക്യവും ഏറ്റവും അനിവാര്യമാണെന്ന് എഎപി സർക്കാരിനെ ഉപദേശിച്ചു. “പഞ്ചാബ് പരീക്ഷണങ്ങൾ നടത്താനുള്ള സ്ഥലമല്ല.”
പട്യാലയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നുണ്ടായ സംഘർഷാവസ്ഥയിൽ ആശങ്കയുണ്ടെന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. പട്യാലയിലെ ജനങ്ങൾ സമാധാനപ്രിയരാണ്, പ്രകോപിതരാകരുതെന്ന് ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. പഞ്ചാബ് പോലീസ് ശക്തമായ നടപടിയെടുക്കുമെന്നും ക്രമസമാധാന പാലനം ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇരുകൂട്ടർക്കും എതിരെ നടപടിയെടുക്കണമെന്ന് ബിജെപി നേതാവ് ഹർജീത് സിംഗ് ഗ്രെവാൾ പറഞ്ഞു.