ശ്രീനഗർ: മുസ്ലീങ്ങൾക്കും ഇസ്ലാമിനുമെതിരെ വിവാദ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് കശ്മീരിലെ കോടതി ജിതേന്ദ്ര നാരായൺ ത്യാഗിക്കെതിരെ (മുമ്പ് പേര് വസീം റിസ്വി) ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ വർഷം യുപി ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്വി മതം മാറി ഹിന്ദുമതം സ്വീകരിച്ചിരുന്നു.
നേരത്തെയും ഈ കേസിൽ കോടതിയില്‍ ഹാജരാകണമെന്നും പരാതിയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉടൻ മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് കോടതി സമൻസ് അയച്ചിരുന്നു. എന്നാൽ, കോടതിയിൽ അദ്ദേഹം ഹാജരായില്ല. “ഇപ്പോഴത്തെ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, പ്രതിക്കെതിരെ ഐപിസി 153 എ, 295 എ, 505 വകുപ്പുകൾ പ്രകാരം പ്രഥമദൃഷ്ട്യാ കേസെടുക്കുന്നു,” കശ്മീർ കോടതി പറഞ്ഞു.
പരാതിക്കാരനായ ശ്രീനഗർ നിവാസിയായ ഡാനിഷ് ഹസൻ ദർ പറയുന്നതനുസരിച്ച്, “പ്രതി സ്വന്തം ഇഷ്ടപ്രകാരവും സന്നദ്ധതയോടെയും ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു. എന്നാൽ, മതപരിവർത്തനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ഇസ്ലാമിനെക്കുറിച്ച് വിവാദ പ്രസ്താവനകൾ നടത്തിയത് വേദനിപ്പിക്കുന്നു, മുസ്ലീങ്ങളുടെ മതവികാരങ്ങൾ വ്രണപ്പെടുത്തി.”
ജൂൺ മൂന്നിന് കോടതി കേസ് പരിഗണിക്കും.