കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്നക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരേ അഭിനേതാക്കളുടെ സംഘടനയായ അമ്മ നടപടി സ്വീകരിച്ചേക്കും. സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. നടനെതിരെ വ്യാപക പ്രതിഷേധമുയരുമ്പോഴും ഇതുവരെ സംഘടന വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ വിശദീകരണം തേടിയെന്നാണ് വാദം. സംഘടന മൗനം പാലിക്കുന്നതിനെതിരെ ഡബ്ല്യുസിസി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
മോഹന്‍ലാല്‍ നേതൃത്വം നല്‍കിയ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചാണ് വിജയ് ബാബു എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നടനെതിരെയുള്ള നടപടിക്ക് പ്രസിഡന്റ് മോഹന്‍ലാല്‍ വാക്കാല്‍ സമ്മതം നല്‍കിയെന്നാണ് സൂചന. നടപടിക്കായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചതായും സൂചനയുണ്ട്.
സംഭവത്തില്‍ മലയാള സിനിമാ മേഖലയില്‍നിന്ന് പതിവു നിശബ്ദതയാണെന്ന ആരോപണവുമായി ഡബ്ല്യുസിസി വീണ്ടും രംഗത്തെത്തി. തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേരു വെളിപ്പെടുത്തിയതിലൂടെ വിജയ്ബാബു മൂന്നാംകിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചു നിയമം ലംഘിക്കുകയാണെന്ന് പ്രഖ്യാപിക്കുകയാണ്. വനിതാകമ്മീഷനും സൈബര്‍ പോലീസും നടപടിക്കു തയാറാകണമെന്നു ഡബ്ല്യുസിസി ആവശ്യപ്പെട്ടു.