കീവ്: കീവ് മേഖലയിൽ 900 മൃതദേഹങ്ങളുള്ള മറ്റൊരു കൂട്ടക്കുഴിമാടം കൂടി കണ്ടെത്തിയതായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു.
വെള്ളിയാഴ്ച പോളിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ശവക്കുഴി കണ്ടെത്തിയ പ്രദേശം മാർച്ചിൽ റഷ്യൻ സൈന്യം കൈവശപ്പെടുത്തിയതായിരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“എത്ര പേർ കൊല്ലപ്പെട്ടുവെന്ന് ആർക്കും അറിയില്ല. അനന്തരഫലങ്ങൾ ഉണ്ടാകും, അന്വേഷണം ഉണ്ടാകും, പിന്നെ ഒരു സെൻസസ് ഉണ്ടാകും. ഈ ആളുകളെയെല്ലാം കണ്ടെത്തണം, പക്ഷേ എത്രപേർ ഉണ്ടെന്ന് പോലും ഞങ്ങൾക്ക് അറിയില്ല,” അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 24 ന് അധിനിവേശം ആരംഭിച്ചതിനുശേഷം ഏകദേശം 500,000 ഉക്രേനിയക്കാരെ നിയമവിരുദ്ധമായി റഷ്യയിലേക്ക് നാടുകടത്തിയതായും സെലെൻസ്കി അവകാശപ്പെട്ടു.
“ഉക്രേനിയൻ പ്രോസിക്യൂട്ടർമാരും നിയമ നിർവ്വഹണ ഉദ്യോഗസ്ഥരും ഉക്രെയ്നിലെ സിവിലിയന്മാർക്കെതിരായ കുറ്റകൃത്യങ്ങളുമായി ഏതെങ്കിലും വിധത്തിൽ ബന്ധമുള്ള എല്ലാ റഷ്യൻ സൈനികരെയും കണ്ടെത്തി വിചാരണ ചെയ്യുമെന്ന്” അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതിനിടെ, ബുച്ചയിൽ ഉക്രേനിയക്കാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത 10 റഷ്യൻ സൈനികരെ ഉക്രേനിയൻ പ്രോസിക്യൂട്ടറുടെ ഓഫീസ് തിരിച്ചറിഞ്ഞതായി ഉക്രയിൻ മാധ്യമം പ്രാവ്ദ റിപ്പോർട്ട് ചെയ്തു.
കിയെവ് നഗരത്തിൽ നിന്ന് 31 കിലോമീറ്റർ അകലെയുള്ള പട്ടണത്തിലെ കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് റഷ്യൻ സൈന്യം കൊലപ്പെടുത്തിയ 412 സിവിലിയന്മാരെ തിരിച്ചറിഞ്ഞതായി ഏപ്രിൽ 23 ന് ബുച്ച മേയർ അനറ്റോലി ഫെഡോറുക് പ്രഖ്യാപിച്ചിരുന്നു. കിയെവ് മേഖലയിലുടനീളമുള്ള കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് ഇതുവരെ 1,100 മൃതദേഹങ്ങൾ അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്.
ഉപരോധിച്ച മരിയുപോൾ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ആയിരക്കണക്കിന് സാധാരണക്കാരുടെ മൃതദേഹങ്ങൾ അടങ്ങിയ മൂന്ന് കൂട്ട ശവക്കുഴികളെങ്കിലും കണ്ടെത്തിയിട്ടുണ്ട്.