കൊച്ചി: താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് പീഡനക്കേസില്‍ പ്രതിയായ നടന് വിജയ് ബാബു മാറിനില്‍ക്കും. നിരപരാധിത്വം തെളിയിക്കുന്നതുവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് മാറിനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി വിജയ് ബാബു കത്ത് നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കും എന്നതിനാലാണ് മാറി നില്‍ക്കുന്നതെന്ന് കത്തില്‍ പറഞ്ഞിരുന്നു. കത്തിലെ ആവശ്യം അമ്മ ഭാരവാഹികള്‍ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.
അമ്മ നേതൃത്വം വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയടക്കം വിജയ് ബാബുവിനെതിരെ നടപടിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
അതിനിടെ, അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനിടെ യോഗ നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഷമ്മി തിലകനെതിരെയുള്ള പരാതിയില്‍ അച്ചടക്ക സമിതിക്ക് മുന്നില്‍ അദ്ദേഹം 17 ന് ഹാജരാകണമെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഹാജരാകാന്‍ ഷമ്മി തിലകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം ഷമ്മി തിലകന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഈ മാസം 17 ന് ഹാജരാകാന്‍ ഷമ്മി തിലകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.