തിരുവനന്തപുരം: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി വക്കീല്‍ നോട്ടീസ് അയച്ചു. മീണയുടെ ആത്മകഥയിലെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ് അയച്ചത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. തന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങളടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും ശശി ആവശ്യപ്പെട്ടു.
തൃശൂര്‍ ജില്ലാ കളക്ടറായിരിക്കെ വ്യാജക്കള്ള് നിര്‍മാതാക്കള്‍ക്കെതിരേ നടപടിയെടുത്തതിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നും പിന്നീടു വേട്ടയാടിയെന്നുമാണ് ടിക്കാറാം മീണയുടെ ആത്മകഥയായ ‘തോല്‍ക്കില്ല ഞാന്‍’ എന്ന പുസ്തകത്തില്‍ പറയുന്നത്.
തൃശൂര്‍ ജില്ലാ കളക്ടറായിരിക്കേ വ്യാജ ക്കള്ള് നിര്‍മാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്‌സൈസ് മന്ത്രി നേരിട്ടു വിളിച്ച് എതിര്‍പ്പ് അറിയിച്ചു. പിന്നാലെ തന്നെ സ്ഥലംമാറ്റി. കേസ് അട്ടിമറിക്കുന്നതിനായി അന്നത്തെ തൃശൂര്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന ബി. സന്ധ്യക്കുമേല്‍ സമ്മര്‍ദം ചെലുത്താനും ശ്രമമുണ്ടായി. തലസ്ഥാനത്തുനിന്ന് ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു.
പിന്നീട് സ്ഥലംമാറി വയനാട് എത്തിയപ്പോഴും പ്രതികാര നടപടി തുടര്‍ന്നു. നിര്‍മിതികേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നത്തില്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതിനു പിന്നിലും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നീക്കങ്ങളായിരുന്നു. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതിരുന്നതിന്റെ പേരില്‍ മാസങ്ങളോളം ശന്പളവും പദവിയും നിഷേധിക്കപ്പെട്ടു. എല്ലാം പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഉപദേശമെന്നാണ് തനിക്കായി വാദിച്ചവരോടു മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍തന്നെ പറഞ്ഞതെന്നാണ് ആത്മകഥയിലെ തുറന്നുപറച്ചില്‍.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും മീണ പറയുന്നു. സത്യസന്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഇടതു -വലതു സര്‍ക്കാരുകളുടെ കാലത്തു നേരിട്ട സമ്മര്‍ദങ്ങളും ദുരനുഭവങ്ങളുമാണു ടിക്കാറാം മീണയുടെ പുസ്തകത്തില്‍ പറയുന്നത്.