കാസര്‍ഗോഡ്: ഷവര്‍മയില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍. നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, മാനേജിംഗ് പാര്‍ട്ണര്‍ എം. അനക്സ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥാപത്തിനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കടയുടെ ഉടമ ഗള്‍ഫിലാണ്. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ, കടയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് അജ്ഞാതര്‍ ഇന്നലെ രാത്രി തീയിട്ടു.
കണ്ണൂര്‍ കരിവെള്ളൂര്‍ പെരളത്തെ പരേതനായ നാരായണന്-പ്രസന്ന ദന്പതികളുടെ ഏകമകള്‍ ദേവനന്ദ (16) ആണ് ഷവര്‍മയില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. കരിവെള്ളൂര്‍ എ.വി. സ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.<br> <br> 29നു വൈകുന്നേരത്തോടെയാണ് ട്യൂഷന് കഴിഞ്ഞ് മടങ്ങവെ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഐഡിയല്‍ കൂള്‍ബാര്‍ ആന്‍ഡ് ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തില്‍നിന്നും ചിക്കന്‍ ഷവര്‍മ കഴിച്ചത്.
30 മുതല്‍ ഛര്‍ദ്ദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെയോടെ ചെറുവത്തൂര്‍ സിഎച്ച്സിയില് പ്രവേശിപ്പിച്ചപ്പോള്‍ സമാനലക്ഷണങ്ങളുമായി 10 മുതല്‍ 16 വരെ പ്രായമുള്ള വേറെയും 14 വിദ്യാര്‍ഥികള്‍ അവിടെയുണ്ടായിരുന്നു. 29, 30 തീയതികളില്‍ ഇവിടെനിന്നും ഷവര്‍മ കഴിച്ചവരായിരുന്നു ഇവരെല്ലാം. ഇവരുടെ പ്രഷറും താഴ്ന്ന നിലയിലായിരുന്നു. ഇത് ഭക്ഷ്യവിഷബാധയുടെ ലക്ഷണമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
ഉച്ചയ്ക്ക് 1.30 ഓടെ ദേവനന്ദ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. ഇതോടെ മറ്റു കുട്ടികളെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 31 പേരാണ് ഇന്നലെ ചികിത്സ തേടിയത്. ഇവരെല്ലാവരും അപകടനില തരണം ചെയ്തതായി ഡിഎംഒ എ.വി. രാംദാസ് അറിയിച്ചു.
ഇതോടെ കൂള്‍ബാര്‍ അടച്ചുപൂട്ടി. ഇവിടുത്തെ ഭക്ഷണസാന്പിളുകള് രാത്രിയോടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കോഴിക്കോട്ടെ റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്കയച്ചു. സ്ഥാപനമുടമ അഹമ്മദ് ഒളിവിലാണ്. ഇയാള്‍ക്കെതിരേ ചന്തേര പോലീസ് 304, 308, 272 (34) വകുപ്പുകള്‍ പ്രകാരം കേസെടുത്തു.