കുന്നിക്കോട്: യുവതിയെ ഓട്ടോറിക്ഷയില്‍ പിന്തുടര്ന്ന് ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന പ്രതികള്‍ ജാമ്യത്തിലിറങ്ങി ഒരു വീട്ടില്‍ക്കയറി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചതിനു പിടിയിലായി. കുന്നിക്കോട് മേലില മനേഷ്ഭവനില്‍ മനോജ് (28), മേലില വയലിറക്കത്ത് പുത്തന്‍വീട്ടില്‍ ഹരികൃഷ്ണന് (ഗണേഷ് -23) എന്നിവരാണ്
കുന്നിക്കോട് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് 6.15-ന് തലവൂര്‍ ആറ്റൂര്‍ക്കാവിനു സമീപമാണ് സംഭവം. ചരുവിള പുത്തന്‍വീട്ടില്‍ ശ്യാമളയുടെ മൂന്നുപവന്റെ സ്വര്‍ണമാലയാണ് പൊട്ടിച്ചുകടന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത്: ശ്യാമളയുടെ വീട്ടില്‍ ചുറ്റുമതില്‍ നിര്‍മാണത്തിനെത്തിയ യുവാക്കള്‍ വസ്തുവില്ക്കാന് സഹായിക്കാനെന്ന വ്യാജേന വീട്ടില്‍ കടക്കുകയും തനിച്ചായിരുന്ന വീട്ടമ്മയെ ആക്രമിച്ച് മൂന്നുപവന്റെ മാല പൊട്ടിച്ചെടുത്തു കടക്കുകയുമായിരുന്നു. രക്ഷപ്പെട്ട യുവാക്കളെ പിന്നീട് പുനലൂരിലെ ബാറില്‍നിന്ന് പിടികൂടുകയും ഒളിപ്പിച്ച സ്വര്‍ണമാല കണ്ടെടുക്കുകയും ചെയ്തു.
പുനലൂരിലെ ധനകാര്യസ്ഥാപനത്തില്‍നിന്ന് ജോലികഴിഞ്ഞ് മേലിലയിലെ വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഓട്ടോറിക്ഷയില്‍ പിന്തുടര്ന്ന് ആക്രമിച്ച സംഭവത്തിലെ പ്രതികളാണ് ഇരുവരും. മാര്‍ച്ച് 16-നായിരുന്നു സംഭവം. പ്രതികള്‍ ഒരാഴ്ചമുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.