ജഡ്ജിക്ക് സിപിഎം ബന്ധമെന്ന ഹൈക്കോടതി പരാമര്‍ശത്തിന് സുപ്രീം കോടതിയുടെസ്‌റ്റേ

ന്യുഡല്‍ഹി: കിഴക്കമ്പലം ദീപു കൊലക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസിനെതിരായ ഹൈക്കോടതിയുടെ പരാമര്‍ശത്തിനാണ് സ്‌റ്റേ. പ്രതികളുടെ പാര്‍ട്ടിയുമായി ജഡ്ജി ഹണി എം.വര്‍ഗീസിന് ബന്ധമുണ്ടെന്നായിരുന്നു പരാമര്‍ശം.

ജഡ്ജി ഹണി എം.വര്‍ഗീസ് നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റീസുമാരായ വിനീത് ശരണ്‍, കെ.ജെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധിയിലെ പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്തത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ദീപുവിന്റെ പിതാവ് കുഞ്ഞാരു, സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികള്‍ക്ക് എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.

പ്രതികളുടെ ജാമ്യാപേക്ഷ ജഡ്ജി ഹണി എം.വര്‍ഗീസ് പരിഗണിക്കുന്നതിനെതിരെയാണ് ദീപുവിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. ജഡ്ജിക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണെന്നും അതിനാല്‍ ജാമ്യാപേക്ഷയില്‍ നീതിപൂര്‍ണ്ണമായ നിലപാട് ജഡ്ജിയില്‍ നിന്ന് ലഭിക്കില്ലെന്നുമായിരുന്നു ഹര്‍ജി. ഇതേതുടര്‍ന്ന് ജാമ്യഹര്‍ജി പരിഗണിക്കുന്നത് തൃശൂര്‍ കോടതിയിലേക്ക് മാറ്റിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ജഡ്ജിക്ക് സിപിഎം ബന്ധമുണ്ടെന്ന പരാമര്‍ശം ഈ വിധിയിലായിരുന്നു.

എന്നാല്‍, ആരോപിക്കപ്പെടുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഹാജരാക്കപ്പെട്ടിരുന്നില്ലെന്ന് ജഡ്ജി ഹണി എം.വര്‍ഗീസിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി.ഗിരിയും അഭിഭാഷക ലിസ് മാത്യൂവും ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ബന്ധത്തെ കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശം തികച്ചും അനാവശ്യമായിരുന്നുവെന്നും ഇവര്‍ വാദിച്ചു.

നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്.

 

Print Friendly, PDF & Email

Leave a Comment

More News