തനിമ കുവൈത്ത് സൗഹൃദത്തനിമ ഇഫ്താറും രക്തദാനവും സംഘടിപ്പിച്ചു

 

കുവൈറ്റ് : കുവൈറ്റിലെ വിവിധ സംഘടനാ കലാ സാംസ്‌കാരിക പ്രവര്‍ത്തകരെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് തനിമ കുവൈറ്റ് സംഘടിപ്പിച്ച സൗഹൃദത്തനിമ ഇഫ്താറും രക്തദാനവും ഇന്ത്യന്‍ അംബാസ്ഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

മതേതര സാഹോദര്യവും സേവനതത്പരതയും കൈമുതലാക്കി തനിമ നടത്തുന്നതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും പരസ്പരം കൈത്താങ്ങായ് നിന്നാല്‍ നമുക്ക് വിജയിക്കാനും സാധിക്കുമെന്ന് സിബി ജോര്‍ജ്ജ് ഓര്‍മ്മപ്പെടുത്തി..

പ്രോഗ്രാം കണ്‍വീനര്‍ ദിലീപ് ഡി.കെ. അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ ഷൈജു പള്ളിപ്പുറം സ്വാഗതവും ബാബുജി ബത്തേരി ആമുഖപ്രസംഗവും നടത്തി. സക്കീര്‍ ഹുസ്സൈന്‍ തൂവൂര്‍, ബാലമുരളി കെ.പി, ഫാ. മാത്യു എം. മാത്യു എന്നിവര്‍ മതസൗഹാര്‍ദ്ധവും സഹവര്‍ത്തിത്തവും നിലനില്‍ക്കേണ്ട സാഹചര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് റമദാന്‍ സന്ദേശം കൈമാറി.

ഇന്ത്യന്‍ അംബാസ്ഡര്‍ ശ്രീ. സിബി ജോര്‍ജ്ജിനോടൊപ്പം കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പെര്‍സ്സണ്‍ ശ്രീമതി ഹിന്ദ് ഇബ്രാഹിം അല്‍ഖുത്തൈമി, പ്രിന്‍സിപ്പള്‍ ശ്രീമതി. സബാഹത്ത് ഖാന്‍, ബാബുജി ബത്തേരി, ദിലീപ് ഡികെ. വിജേഷ് വേലായുധന്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു. തനിമയുടെ 18 വര്‍ഷത്തെ കലാ കായിക സാംസ്‌കാരിക വിദ്യാഭ്യാസ ആതുരസേവന രംഗങ്ങളിലെ വിപുലമായ പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രെസന്റേഷന്‍ കാണികളില്‍ അത്ഭുതം ഉളവാക്കി.

പുതുവത്സര തനിമയുടേ ഭാഗമായ് സംഘടിപ്പിച്ച ബില്‍ഡിംഗ് ഡെക്കറേഷന്‍ വിജയികള്‍ക്ക് ഉള്ള സമ്മാനദാനവും തുടര്‍വ്വിദ്യാഭ്യാസാര്‍ത്ഥം നാട്ടിലേക്ക് പോകുന്ന കുട്ടിത്തനിമ അംഗങ്ങള്‍ക്ക് ഉള്ള മെമെന്റോയും വിതരണം ചെയ്തു. കുവൈത്തിലെ വിവിധ ഏരിയയില്‍ നിന്ന് വന്ന 200ഓളം സേവനസന്നദ്ധരായ പ്രവാസികള്‍ രക്തദാനം ചെയ്തു. ശ്രീമതി ലിറ്റി ജേക്കബ് പരിപാടികള്‍ നിയന്ത്രിച്ചു. ഉഷ ദിലീപ് പങ്കെടുത്തവര്‍ക്കും അഭ്യുദേയകാംക്ഷികള്‍ക്കും രക്തദാതാക്കള്‍ക്കും നന്ദി അറിയിച്ചു.

സലിം കോട്ടയില്‍

Print Friendly, PDF & Email

Leave a Comment

More News