ന്യൂഡൽഹി: രാജ്യത്തുടനീളം പൊള്ളുന്ന ചൂട് തുടരുകയാണ്. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നിവയുൾപ്പെടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും അപ്രഖ്യാപിത പവർകട്ട് തീയിൽ എണ്ണയൊഴിക്കുന്ന പോലെയായി. കൽക്കരി ക്ഷാമമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയതിന് പിന്നിലെ പ്രധാന കാരണമെന്ന് പറയുന്നു. പൊതുജനങ്ങൾ മാത്രമല്ല, വ്യാപാരികളും പവര്‍കട്ട് മൂലം വലയുകയാണ്.
അപ്രഖ്യാപിത പവർകട്ട് മൂലം വൻ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നതെന്ന് ഗുരുഗ്രാം ഇൻഡസ്ട്രിയൽ അസോസിയേഷൻ പറയുന്നു. മാത്രമല്ല, തങ്ങളുടെ വ്യവസായങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് പ്രത്യേക വൈദ്യുതി വിതരണം ചെയ്യണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം വൈദ്യുതിയുടെ നിശ്ചിത നിരക്ക് കുറയ്ക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, രാജ്യത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചു. ഈ യോഗത്തിൽ ഊർജ മന്ത്രി ആർ കെ സിംഗ്, കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവർ പങ്കെടുക്കും.
മറുവശത്ത്, ഈ വ്യവസായങ്ങളിൽ യന്ത്രങ്ങൾ നിർത്താതെ പ്രവർത്തിപ്പിക്കേണ്ടതുണ്ടെന്ന് ഗുരുഗ്രാം ഇൻഡസ്ട്രിയൽ അസോസിയേഷൻ മേധാവി ജെഎൻ മംഗള പറഞ്ഞു. എന്നാൽ, പവർകട്ട് മൂലം യന്ത്രങ്ങൾ മുടങ്ങുന്നു. ഇതുമൂലം നഷ്ടം സഹിക്കേണ്ടിവരുന്നു. ഒരു ദിവസം ശരാശരി 11 മണിക്കൂറോളം വൈദ്യുതി വെട്ടിക്കുറയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇത് പ്രത്യേകിച്ച് ചെറിയ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നത് മിക്കവാറും അസാധ്യമാക്കി. മെയ് 15ന് ശേഷം വൈദ്യുതി നില ശരിയാകുമെന്ന് അസോസിയേഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.