ഡാളസ്: ലോക പത്രസ്വാതന്ത്ര്യ ദിനമായ മെയ് 3 ന് മാധ്യമ പത്രപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കുന്നതായും പത്രസ്വാതന്ത്യദിന ആശംസകൾ നേരുന്നതായും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജ് ഒരു പ്രസ്താവനയിൽ അറിയിച്ചു
പത്രസ്വാതന്ത്ര്യത്തിന്റെയും മാധ്യമ ധാർമ്മികതയുടെയും പ്രാധാന്യം മാധ്യമ പ്രവർത്തകർക്കിടയിൽ പ്രചരിപ്പിക്കുക, മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനോ അല്ലെങ്കിൽ ഇല്ലാതാക്കുന്നതിനോ ശ്രമിക്കുന്ന ദുഷ്ട ശക്തികൾക്കെതിരെ പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കുക, പത്രസ്വാതന്ത്യത്തോടുള്ള സർക്കാരുകളുടെ പ്രതിബദ്ധതയെ ഓർമ്മപ്പെടുത്തുക, തുടങ്ങിയവയാണ് പത്രസ്വാതന്ത്ര്യദിനാചരണം കൊണ്ടു ലക്ഷ്യമിടുന്നതെന്ന് സിജു ജോർജ് പറഞ്ഞു.
സത്യത്തിനും മാധ്യമ ധർമം നിറവേറ്റുമെന്നതിനിടയിലും ജീവൻ ബലിയർപ്പിക്കേണ്ടി വന്ന മാധ്യമ പ്രവർത്തകരുടെ സ്മരണക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പത്രസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവത്കരിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് ലോക പത്രസ്വാതന്ത്ര്യ ദിനം. ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് രാജ്യങ്ങളിൽ, പ്രസിദ്ധീകരണങ്ങൾ സെൻസർ ചെയ്യുകയും പിഴ ചുമത്തുകയും സസ്പെൻഡ് ചെയ്യുകയും അടച്ചുപൂട്ടുകയും ചെയ്യുന്നു, പത്രപ്രവർത്തകരും എഡിറ്റർമാരും പ്രസാധകരും ഉപദ്രവിക്കപ്പെടുന്നു, ആക്രമിക്കപ്പെടുന്നു, തടവിലാക്കപ്പെടുന്നു. കൊല്ലപ്പെടുന്നു.
പത്രസ്വാതന്ത്ര്യത്തിന് അനുകൂലമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ വിലയിരുത്തുന്നതിനുമുള്ള ഒരു ദിനംകൂടിയാണിത്.
എല്ലാ വർഷവും, മെയ് 3 പത്രസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ആഘോഷിക്കുന്ന തീയതിയാണ്, ലോകമെമ്പാടുമുള്ള പത്രസ്വാതന്ത്ര്യം വിലയിരുത്തുക, മാധ്യമങ്ങളെ അവരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുക, തുടങ്ങി അനവധി പ്രവർത്തനങ്ങൾ വിവിധ പത്രപ്രവർത്തക സംഘടനകൾ നിർവഹിക്കാറുണ്ട്.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡണ്ട് സിജു വി. ജോർജിന് പുറമെ മുതിർന്ന മാധ്യമ പ്രവർത്തകരായ എബ്രഹാം തോമസ്, എബ്രഹാം തെക്കേമുറി, പി.പി. ചെറിയാൻ, സണ്ണി മാളിയേക്കൽ, ബിജിലി ജോർജ്, ടി.സി ചാക്കോ , ബെന്നി ജോൺ, സാം മാത്യു, മീനു എലിസബത്ത്, അഞ്ജു ബിജിലി, ഫിലിപ്പ് തോമസ്, മാർട്ടിൻ വിലങ്ങോലിൽ, ഷാജി രാമപുരം, രവി കുമാർ എടത്വ തുടങ്ങിയവരും ഈ സംഘടനയിലെ പ്രവർത്തക സമിതി അംഗങ്ങളാണ്.