ഇസ്ലാമിന്റെ സുന്ദരമായ ദർശനത്തെയും ജീവിത വ്യവസ്ഥയെയും ലോകത്താകമാനമുള്ള മനുഷ്യരിലേക്ക് പരിശുദ്ധ പ്രവാചകനിലൂടെ അല്ലാഹു ഇറക്കിയത് ലോകത്തിന് അനുഗ്രഹമായിട്ടാണ്. ആ അർത്ഥത്തിൽ ഇസ്ലാമിക ആദർശത്തിന്റ ഭാഗമായ വിശ്വാസികൾക്ക് പ്രത്യകിച്ച് പണ്ഡിതന്മാർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. വാക്കിലും പ്രവർത്തിയിലും എളിമയും മാതൃകയും ഉണ്ടാവണം.
ലീഗിന്റെ രാഷ്ട്രീയ നേതാവ്, ജനപ്രതിനിധി എന്നതിനപ്പുറം സമദാനിയുടെ പ്രഭാഷണങ്ങൾ വിശ്വാസികൾ ഉൾപ്പെടെയുള്ള കേരളീയ സമൂഹം ശ്രവിച്ചിട്ടുണ്ട്. മഹാകവി ഇഖ്ബാലിന്റെ പ്രവാചക ഇഷ്ഖുകൾ, രാജ്യ സ്നേഹ കവിതകൾ എല്ലാം നാം സമദാനിയുടെ നാവിലൂടെ കേട്ടിരുന്നു പോവും..ചിലപ്പോഴെല്ലാം കണ്ണുകൾ സജലങ്ങളാവും സദസ്സിലുള്ളവരുടെ.
പ്രവാചകന്റെ അദ്ധ്യാപനങ്ങൾ, പ്രവാചകന്റെ ജീവിതം പ്രബോധനം ചെയ്യുന്ന, പ്രഭാഷണങ്ങൾ, ഖുതുബകൾ നിർവഹിക്കുന്ന പണ്ഡിതന്മാരുടെ ദൗത്യം സമൂഹത്തിലോ സമുദായത്തിലോ ഭിന്നിപ്പ് ഉണ്ടാക്കലോ വ്യക്തിഹത്യ നടത്തലോ അല്ല, മറിച്ച് മാതൃക തീർക്കണം തങ്ങളുടെ വാക്കുകൾ കൊണ്ടും ജീവിതം കൊണ്ടും. ആ അർത്ഥത്തിൽ സമദാനിയെ നമുക്ക് ഇഷ്ടമാണ്.
ഇവിടെ മുസ്ലിം പണ്ഡിതൻ എന്ന് പറയപ്പെടുന്ന കാസിമി മൂത്തേടം പോലുള്ള വായാടികൾ ദീനിനെ പൊതു മധ്യത്തിൽ അപകീർത്തിപ്പെടുത്തി സംസ്കാര ശൂന്യമായി എന്തൊക്കെയോ പുലമ്പികൊണ്ടിരിക്കുന്നു. റമദാൻ, ഖുർആൻ പ്രഭാഷണം എന്നൊക്കെ ബാനർ വെച്ച് പറയുന്നത് മിക്കതും വിഡ്ഢിത്തവും വെല്ലുവിളികളും മാത്രമല്ല, തന്റെ മുന്നിൽ ബഹുമാനത്തോടെ ഇരിക്കുന്ന പാമരന്മാരായ വിശ്വാസികളെ പൊട്ടന്മാർ, മന്ദബുദ്ധികൾ, എടോ എന്നൊക്കെ അഭിസംബോധന ചെയ്യുന്നതുമെല്ലാം എന്തൊരു വഷളത്തരമാണ് !
ഈ വിഴുപ്പലക്കലുകൾ പൊതുസമൂഹം കാണുന്നുണ്ട് എന്ന ചിന്ത ഇല്ലേ ഇത്തരക്കാർക്ക്! എന്തിന്, പടച്ചോൻ പോലും കാണുന്നില്ല എന്ന ബോധത്തിൽ ആണ് ഇവരുടെ വർത്തമാനങ്ങൾ (എന്താണ് സമസ്ത ഒന്നും ഇക്കാര്യത്തിൽ ഇടപെടാത്തത് എന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്).
മുസ്ലിം സമുദായം ഏറ്റവും വലിയ പ്രസന്ധി അനുഭവിക്കുന്ന സംഘപരിവാർ കാലത്ത് സമുദായത്തിനകത്തെ സംഘടന പോരുകൾ, അങ്ങേയറ്റത്തെ പരിഹാസങ്ങൾ, പരസ്പരമുള്ള നിന്ദിക്കൽ എല്ലാം മാറ്റിവെച്ചില്ലെങ്കിൽ ഈ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും അരികുവത്കരണവും ആവില്ല നാം നേരിടേണ്ടി വരിക.
കാസിമിയുടെ റമദാൻ വീഡിയോ ക്ലിപ്പ് കണ്ടു. സമദാനിക്കെതിരെയുള്ള വഹാബിയത്തും മറ്റ് കള്ള ആരോപണങ്ങളും, ജനങ്ങൾ തെരെഞ്ഞെടുത്ത പാർലമെന്റ് അംഗം എന്നതിനെ ഒക്കെ അപഹസിച്ചും മൂത്തേടം വഹാബികൾക്കെതിരെ ഒറ്റക്കാണെങ്കിലും പൊരുതും എന്നൊക്കെയാണ് മൈക്കിലൂടെ വിളിച്ചു പറയുന്നത്. യഥാർത്ഥത്തിൽ മുസ്‌ലിം ലീഗിന് അകത്തെ സമസ്‌ത- മുജാഹിദ് പ്രയോറിറ്റി പ്രശ്നവും, കാസിമിയും സമസ്തയിലെ ചിലർ തമ്മിലെ പ്രശ്നങ്ങളുമാണ് ഈ വിവാദങ്ങൾക്ക് എല്ലാം കാരണം. അല്ലാതെ ഹുബ്ബ് റസൂലോ, ദീനുൽ ഇസ്ലാമിന്റെയോ സുന്നത്ത് ജമാഅത്ത്ന്റെയോ ഇസ്സത്ത് കാക്കാനുള്ള അല്ലാഹുവിന്റെ മാർഗത്തിലെ പോരാട്ടമോ അല്ല.
ലീഗിന്റെ ‘കോണി’ യിലൂടെ സ്വർഗ്ഗത്തിൽ എത്താം എന്ന് പറഞ്ഞ കാസിമിക്ക് ഇനിയും എന്തും വിളിച്ചു പറയാം. അന്ന് വോട്ടിനു വേണ്ടി അങ്ങിനെ പറഞ്ഞപ്പോൾ കൈയ്യടിച്ചവരാണ് മുജാഹിദുകൾ അടങ്ങുന്ന ലീഗുകാർ. അതാണ് ലീഗിന്റെ പരിമിതിയും.
ലോകത്താകെ ഇസ്ലാമിക ആദർശത്തിൽ എല്ലാ മുസ്ലിങ്ങളും ഒന്നാണെങ്കിലും, കേരളത്തിലെ സുന്നി- സലഫി ഭിന്ന ധാരകളെ ഏതെങ്കിലും അർത്ഥത്തിൽ ഒന്നിപ്പിക്കുന്നത് ലീഗിന്റെ രാഷ്ട്രീയത്തിൽ മാത്രമാണ്. അതിനപ്പുറം ആ രണ്ട് വിഭാഗങ്ങൾക്കും ഇടയിൽ ശക്തമായ വിയോജിപ്പുകളും ഭിന്നതകളും, എന്തിനേറെ രണ്ട് കൂട്ടരും പരസ്പരം ദീനിൽ നിന്ന് പുറത്താക്കുന്ന ഏർപ്പാടും ഉണ്ട് (ഇപ്പോൾ വലിയ രീതിയിൽ ഖണ്ഡനമണ്ഡന പരിപാടികൾ കാണാറില്ല.. അത്രയും നന്ന്). ഒരുപക്ഷേ CAA- NRC പൗരത്വം പ്രക്ഷോഭം വേളയിൽ ആണ് തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറം, ലീഗിന്റെ സംഘടനാ രാഷ്ട്രീയത്തിന് പുറത്ത് വ്യാപകമായി സുന്നികൾ- മുജാഹിദ്-ജമാഅത്ത് സാമുദായിക സംഘടന ഐക്യം രൂപപ്പെട്ടത് എന്ന് കാണാനാവും. അതിനും ലീഗ് തന്നെയാണ് മുൻകൈയ്യെടുത്തത് (മുൻപ് ‘ശരീഅത്ത്’ വിവാദ കാലത്തും അത്തരം കൂടിച്ചേരൽ ഉണ്ടായിട്ടുണ്ട്).
പൊതുവെ സലഫികൾ, വഹാബികൾ അല്ല ലീഗിന്റെ ശക്തി എന്നും തങ്ങൾ സുന്നികളാണ് ലീഗിന്റെ എല്ലാം എന്നും, അതുകൊണ്ട് ലീഗിനകത്തും പുറത്തും പണിയെടുക്കാൻ ഞങ്ങളും നേട്ടങ്ങൾ എല്ലാം വഹാബികൾക്കും എന്ന ഒരു സാഹചര്യം ആണ് പ്രതിസന്ധികൾ ഉണ്ടാക്കുന്നത്. കൃത്യമായി നിരീക്ഷിച്ചാൽ അതിൽ ചില യാഥാർത്ഥ്യങ്ങൾ ഇല്ലാതില്ല.
സാധാരണക്കാരുടെ സജീവ രാഷ്ട്രീയത്തിൽ, ഗ്രാസ് റൂട്ട് പ്രവർത്തനങ്ങളിൽ കേരളത്തിലെ സുന്നി ധാരയിൽ ഉള്ളവരാണ് ലീഗ് അടക്കമുള്ള ഏത് രാഷ്ട്രീയ പാർട്ടിയിലും മുന്നിൽ ഉണ്ടാവുക (എനിക്കും ആ അനുഭവം ഉണ്ട്. അത് പിന്നീട് എഴുതുന്നുണ്ട്). മറ്റുള്ളവർ കേവല അനുഷ്ഠാനമായി, മുകൾപരപ്പിലും തെരെഞ്ഞെടുപ്പ് രാഷ്ട്രീയ സീസണ്‍ പ്രവർത്തനങ്ങളുമാണ് നടത്തുക, അവർക്ക് എല്ലാ അർത്ഥത്തിലും പ്രിവിലേജ് ലഭിക്കുമ്പോൾ സ്വാഭാവികമായും പ്രതിസന്ധികൾ രൂപപ്പെടും.
(തുടരും..)