കാസർകോട്: വിദ്യാർഥിയുടെ മരണത്തിന് കാരണമായ കൂൾബാറിലെ ഭക്ഷണ സാമ്പിളുകളിൽ ഇ-കോളിയുടെയും കോളിഫോം ബാക്ടീരിയയുടെയും സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്ക് അയച്ച സാമ്പിളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഷവര്‍മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികള്‍ എന്നിവയാണ് കോഴിക്കോട്ടെ റീജിയണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ ഷിഗെല്ല, സാല്‍മണെല്ല ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ പരിശോധന നടത്തുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച കാസർകോട് ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അതിൽ ഒരു പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭക്ഷ്യവിഷബാധയേറ്റ് മുപ്പതിലധികം പേർ ചികിത്സ തേടി.