ലളിത്പൂർ: ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ കൂട്ടബലാത്സംഗത്തിന് പരാതി നൽകാൻ എത്തിയ പതിമൂന്നുകാരിയെ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ബലാത്സംഗം ചെയ്തതായി പരാതി.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒന്നാം പ്രതിയായ എസ്എച്ച്ഒയ്ക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. അതേസമയം, സംഭവത്തിലെ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഠക് ഉറപ്പ് നൽകി, വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ആവശ്യപ്പെട്ടു.
ഏപ്രിൽ 27 ന് മകൾ പരാതി നല്‍കാന്‍ ജില്ലയിലെ പാലി പോലീസ് സ്റ്റേഷനിൽ പോയിരുന്നുവെന്ന് ഇരയുടെ അമ്മ പരാതിയിൽ ആരോപിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. മൊഴി രേഖപ്പെടുത്താനെന്ന വ്യാജേന എസ്എച്ച്ഒ തിലകധാരി സരോജ് പെണ്‍കുട്ടിയെ തന്റെ മുറിയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
പോലീസ് സ്‌റ്റേഷൻ ഇൻചാർജും ഇരയായ പെൺകുട്ടിയുടെ അമ്മായിയും ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കാൺപൂർ സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഭാനു ഭാസ്‌കർ പറഞ്ഞു. പ്രതിയായ എസ്എച്ച്ഒയെ സസ്‌പെൻഡ് ചെയ്യുകയും ഇയാളെ കൂടാതെ മറ്റ് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒളിവിൽ പോയ എസ്എച്ച്ഒയ്ക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
കേസിന്റെ അന്വേഷണച്ചുമതല ഝാൻസി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ജോഗേന്ദ്ര കുമാറിനെ ഏൽപ്പിച്ചതായി ഭാസ്കർ പറഞ്ഞു. 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏപ്രിൽ 22 ന് നാല് പേർ മകളെ ഭോപ്പാലിലേക്ക് കൊണ്ടുപോയി, അവിടെ അവർ അഞ്ച് ദിവസത്തോളം ബലാത്സംഗം ചെയ്യുകയും പിന്നീട് പാലി പോലീസ് സ്റ്റേഷന് പുറത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നു. ഏപ്രിൽ 27ന് കേസെടുക്കാൻ പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ സ്റ്റേഷൻ മേധാവിയും ബലാത്സംഗം ചെയ്തു.
പിന്നീട് സന്നദ്ധ സംഘടനയായ ചൈൽഡ് ലൈനിൽ എത്തിയ പെൺകുട്ടി കൗൺസിലിങ്ങിനിടെ സംഭവം മുഴുവൻ പറയുകയായിരുന്നു. ഇത് സംബന്ധിച്ച്, സംഘടന പോലീസ് സൂപ്രണ്ടിന് പരാതി നൽകി, അദ്ദേഹത്തിന്റെ ഇടപെടലിൽ ചൊവ്വാഴ്ച ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾക്കും പോക്സോ, എസ്‌സി / എസ്ടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും കേസെടുത്തു.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ഡിഐജി ജാൻസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഡിജി (ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ പറഞ്ഞു. ലളിത്പൂർ ബലാത്സംഗക്കേസിൽ സൂപ്പർവൈസറി ഓഫീസറുടെയും എസ്പിയുടെയും മറ്റുള്ളവരുടെയും പങ്ക് അദ്ദേഹം അന്വേഷിക്കും.