ഡാളസ്: അനന്തപുരിയിൽ ഏപ്രിൽ 27 മുതൽ മൂന്ന് ദിവസം നീണ്ടു നിന്ന ഹിന്ദു മഹാസമ്മേളനത്തിൽ പ്രവാസികളായ നഴ്സുമാരെയും ആ ജോലിയുടെ മഹത്വത്തേയും അപമാനിച്ച് ഖത്തറിലെ മലയാള മിഷൻ കോർഡിനേറ്റർ ദുർഗാ ദാസ് നടത്തിയ, മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ പരാമർശം അങ്ങേയറ്റം ഹീനവും, പ്രതിഷേധാർഹവും, അപലപനീയവും ആണെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡണ്ട് എം പി സലീം, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ ജനറൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. മതപരിവർത്തനത്തെകുറിച്ചും, നഴ്സുമാരുടെ റിക്രൂട്ടിംഗ് സംബന്ധിച്ചും ഏതു സാഹചര്യത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തുവാൻ തയാറായതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. മാത്രമല്ല, അദ്ദേഹം നടത്തിയ പരാമർശത്തിന്റെ ആധികാരികത തെളിയിക്കാൻ അദ്ദേഹം ബാധ്യസ്ഥനുനമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇതൊരു പ്രവാസി വിഷയം ആയതിനാലും, പ്രവാസി സംഘടനയുടെ പ്രവർത്തകർ എന്ന നിലയിലും ഇത്തരം വിവാദ പരാമർശങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് ഏതൊരു പ്രവാസിയുടെയും കടമയും ഉത്തരവാദിത്വവും ആണ്.
ഇത്തരം ആളുകൾ പ്രവാസികൾക്കും സമൂഹത്തിനും അപമാനവും തിരുത്തപ്പെടേണ്ട അനിവാര്യവുമാണ്. ദുർഗാദാസിന്റെ പ്രസ്താവന പ്രവാസി വിഷയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ബുദ്ധിശക്തിയും നിശ്ചയദാർഢ്യവും, വളരെ മാന്യമായി സേവനം ചെയ്യുന്ന നഴ്സ് സമൂഹവും പ്രവാസി സമൂഹവും അദ്ദേഹത്തിന് ചെയ്ത തെറ്റിന് മാപ്പു കൊടുക്കുമെന്നാശിക്കാം. ഇത്തരം വികലമായ പരാമർശങ്ങൾ പ്രവാസികൾക്ക് നേരെ ഉന്നയിക്കാതിരിക്കാൻ പ്രബല പ്രവാസി നേതാക്കളുംസമൂഹവും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ലോകത്തിലെ എല്ലാ നഴ്സുമാർക്കും പ്രവാസി സമൂഹത്തിനും പി എം എഫ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പി എം എഫ് നേതാക്കൾ ഉറപ്പു നൽകി.
(പി പി ചെറിയാൻ, ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ)