ന്യൂയോർക്ക്: അനന്തമായ സാധ്യതകളും വെല്ലുവിളികളും ഉള്ള ഈ കാലഘട്ടത്തിൽ സഭകൾ തമ്മിലുള്ള കൂട്ടായ്മകൾ മനുഷ്യനെയും പ്രപഞ്ചത്തെയും ആവാസവ്യവസ്ഥയെയും ഐക്യപ്പെടുത്തുന്നതിനുള്ള ചാലകശക്തിയാകണമെന്നും പ്രകൃതിയെ അതിന്റെ സന്തുലിതാവസ്ഥയിൽ നിലനിർത്താനായി സഭകൾ കൈക്കൊള്ളുന്ന പരിശ്രമങ്ങൾക്ക് ഈ കൂടിവരവ് പ്രചോദനമായി തീരണമെന്നു മലങ്കര കത്തോലിക്ക അമേരിക്ക കാനഡ രൂപതാദ്ധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ സ്തെഫനോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്‌തു.
മെയ് 2-നു ഞായറാഴ്ച വൈകുന്നേരം 5.00-നു ന്യൂയോർക് ക്യുൻസ് വില്ലേജിലുള്ള സെന്റ് ജോൺസ് മാർത്തോമാ പള്ളിയിൽ വെച്ച് നടന്ന സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2022-ലെ പ്രവർത്തനോദ് ഘാടനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രസിഡന്റ് റവ. ഷാലു ടി. മാത്യു അദ്ധ്യക്ഷത വഹിച്ച യോഗം ക്ലർജി വൈസ് പ്രസിഡന്റ് ഫാ. ജോൺ തോമസിൻറെ പ്രാത്ഥനയോടെ ആരംഭിച്ചു. അൽമായ വൈസ് പ്രസിഡന്റ് കളത്തിൽ വർഗീസ് സ്വാഗതം ആശംസിച്ചു. എപ്പിസ്കോപ്പൽ സഭയുടെ ബിഷപ്പ് ഡോ. ജോൺസി ഇട്ടി ആശംസാപ്രസംഗം നടത്തി. സെക്രട്ടറി തോമസ് ജേക്കബ് (ഷാജി) എക്യൂമെനിക്കൽ ഫെഡറേഷൻറെ പ്രവർത്തന വർഷത്തെ കർമ്മപരിപാടികൾ പ്രസ്‌താവിച്ചു. ജോയിൻറ് ട്രെഷറർ ജോൺ തോമസ് കൃതജ്ഞത രേഖപ്പെടുത്തി. ഗാനശുശ്രുഷക്ക് സി എസ് ഐ ഗായകസംഘവും സെൻറ് ജോൺസ് മാർത്തോമ ഗായക സംഘവും നേതൃത്വം നൽകി. ശ്രീമതി മാർസിയ തോമസ് ആയിരുന്നു മാസ്റ്റർ ഓഫ് സെറിമണി.
റവ. പി.എം. തോമസ്, (സെന്റ് ജോൺസ് മാർത്തോമ്മ ചർച്ച്), റവ. ഫാ. നോബി അയ്യനേത്ത് (വിൻസെന്റ് ഡി പോൾ മലങ്കര കാത്തോലിക് ചർച്ച്), റവ ഷാജി കൊച്ചുമ്മൻ (ലോങ്ങ് ഐലൻഡ് മാർത്തോമ്മ ചർച്ച്), റവ സാം എൻ. ജോഷ്വാ (ജൂബിലി മെമ്മോറിയൽ സി എസ്സ് ഐ), എന്നിവർ സന്നിഹിതരായിരുന്നു.