കോഴിക്കോട്: നാളെ വൈകീട്ട് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും റാലിയിലും പങ്കെടുക്കാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എത്തുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് നാലു മണിക്ക് നടക്കുന്ന പൊതുസമ്മേളനം നദ്ദ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അദ്ധ്യക്ഷനായ ശേഷം ഇതാദ്യമായാണ് ജെപി നദ്ദ കോഴിക്കോട്ടെത്തുന്നത്. മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന കേന്ദ്രവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങൾ ദേശീയ അദ്ധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തും. കോഴിക്കോട് കേന്ദ്രീകരിച്ച് നടന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തിലെടുക്കാത്ത സാഹചര്യത്തില്‍ ഈ വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തും. ആഗോള ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടും ഈ കേസില്‍ കൃത്യമായി അന്വേഷണം നടത്തിവന്ന ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാര്‍ മാറ്റുകയാണുണ്ടായത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ വഴി കേന്ദ്ര സര്‍ക്കാരിനെ ഈ കേസിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുമെന്നും സജീവന്‍ പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള ദേശീയ നിര്‍വാഹക സമിതി അംഗം സി.പി. രാധാകൃഷ്ണന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, എ.പി.അബ്ദുളളക്കുട്ടി, ടോം വടക്കന്‍, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ തുടങ്ങിയ സംസ്ഥാന നേതാക്കളും പങ്കെടുക്കും. പതിനായിരത്തിലേറെ മഹിളാ പ്രവര്‍ത്തകരുള്‍പ്പെടെ അര ലക്ഷത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. മോഹനൻ, ഇ. പ്രശാന്ത് കുമാർ, വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.വി.സുധീർ, ടി. ദേവദാസ്, മേഖലാ ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.