കൊച്ചി: കോവിഡ് മഹാമാരിക്കുശേഷം കേരളം കുതിച്ചുയരുന്നു എന്ന പ്രഖ്യാപനവുമായി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ വ്യാഴാഴ്ച കൊച്ചിയില്‍ ‘കേരള ട്രാവൽ മാർട്ട് 2022’ ആരംഭിച്ചു. പകർച്ചവ്യാധിയെ സംസ്ഥാനം കൈകാര്യം ചെയ്യുന്നതിനെ എടുത്തുകാട്ടി, സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പ് ടൂറിസം വകുപ്പ് പ്രഖ്യാപിച്ചു.
ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. പുരവഞ്ചികൾക്കുശേഷം കേരള ടൂറിസം അവതരിപ്പിക്കുന്ന കാരവാൻ ടൂറിസം സഞ്ചാരികളെ ഏറെ ആകർഷിക്കുമെന്ന് ഗവർണർ പറഞ്ഞു. ചടങ്ങിൽ ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ് അദ്ധ്യക്ഷനായി. കെടിഡിസി ചെയർമാൻ പി കെ ശശി കെടിഎം ഇ- ഡയറക്ടറി പ്രകാശിപ്പിച്ചു.
“വിനോദസഞ്ചാരത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് ഇന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള അർത്ഥവത്തായ ഇടപെടൽ വളരെ പ്രധാനമാണ്. എല്ലാവരുടെയും പ്രയോജനത്തിനായി ടൂറിസം മേഖലയിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശരിയായ സമയമാണിത്,” ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ആഗോള പാൻഡെമിക് മൂലം രാജ്യാന്തര വിമാന സർവീസുകൾക്കുള്ള ദീർഘകാല നിയന്ത്രണം കേരളത്തെ ആഭ്യന്തര ടൂറിസം കൊണ്ട് പരിപോഷിപ്പിച്ചെങ്കിലും, യാത്രാ വ്യവസായം കൂടുതൽ അഭിവൃദ്ധി പ്രാപിക്കാൻ സംസ്ഥാനം മറ്റ് സംസ്ഥാനങ്ങളുമായി ഊഷ്മളമായ ബന്ധം നിലനിർത്തേണ്ടതുണ്ട്. ഭരണസംവിധാനവും ട്രാവൽ & ഹോസ്പിറ്റാലിറ്റി വ്യവസായവും തമ്മിലുള്ള പ്രതിഫലദായകമായ പങ്കാളിത്തം വിജയകരമായ സാഹചര്യത്തിലേക്ക് എങ്ങനെ നയിക്കും എന്നതിന് സംസ്ഥാനം വിജയകരമായ ഒരു മാതൃക സ്ഥാപിച്ചിട്ടുണ്ടെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. കുറഞ്ഞ ചിലവിലുള്ള യാത്രാ വ്യവസായത്തെ ഉയർത്താനുള്ള സർക്കാരിന്റെ സമീപകാല ശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. മലബാർ റിവർ ക്രൂയിസ് പ്രോജക്ട്, ബേപ്പൂർ വാട്ടർ ഫെസ്റ്റ് തുടങ്ങിയ വടക്കൻ കേരളത്തിന്റെ സാധ്യതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. “ഇന്ത്യയുടെ പ്രീമിയം എക്സ്പീരിയൻഷ്യൽ ടൂറിസം ഹബ്ബായി മാറാൻ കേരളത്തിന് മികച്ച യോഗ്യതയുണ്ട്,” ഗവർണർ അഭിപ്രായപ്പെട്ടു.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, കേരള ടൂറിസം ഡയറക്ടർ വി ആർ കൃഷ്ണതേജ, കെടിഡിസി എംഡി വി വിഘ്നേശ്വരി, ഇന്ത്യ ടൂറിസം റീജണൽ ഡയറക്ടർ മുഹമ്മദ് ഫാറൂഖ്, കെടിഎം സെക്രട്ടറി ജോസ് പ്രദീപ്, ലുലു ഗ്രൂപ്പ് സിഎംഡി എം എ യൂസഫലി, മുൻ പ്രസിഡന്റുമാരായ ഏബ്രഹാം ജോർജ്, റിയാസ് അഹമ്മദ്, ഇ എം നജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
ചുണ്ടൻവള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ വിളംബരപ്രദർശനവും നടന്നു. വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാഗര, സാമുദ്രിക കൺവൻഷൻ സെന്ററിൽ മെയ് 8-വരെ വാണിജ്യകൂടിക്കാഴ്ചകളും പ്രദർശനവും സെമിനാറുകളും നടക്കും. എട്ടാം തിയ്യതി ഉച്ചയ്ക്ക് ഒരു മണിമുതല്‍ പൊതുജനങ്ങൾക്കും മേളയിൽ പങ്കെടുക്കാം.
2022 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ തുടക്കമാണ് മറ്റൊരു പുതിയ ആകർഷണം. “ലീഗിൽ 12 ബോട്ട് റേസുകൾ ഉണ്ടായിരിക്കും, ലോകത്തിലെ ഏറ്റവും വലിയ റേസ്ട്രാക്കിൽ ലോകത്തിലെ ഏറ്റവും വലിയ ടീം സ്‌പോർട്‌സായി ഇത് പാക്കേജു ചെയ്യുന്നു. വിനോദസഞ്ചാരികൾക്ക് മത്സരങ്ങൾ കാണുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്,” ടൂറിസം ഡയറക്ടർ വി ആർ കൃഷ്ണതേജ പറഞ്ഞു.