കൊച്ചി: കൊവിഡ്-19 മഹാമാരിയുടെ അവസാനത്തോടെ ആഗോള വിനോദസഞ്ചാരികള്‍ ആദ്യം തെരഞ്ഞെടുത്തത് കേരളമാണെന്ന് വിദേശ ട്രാവല്‍ ഏജന്റുമാര്‍ അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികൾ ഈ ദക്ഷിണേന്ത്യൻ സംസ്ഥാനം സമ്പന്നവും ആകർഷകവുമായ ഒരു സാംസ്‌കാരിക അനുഭവമായി കാണുന്നുവെന്നാണ് ഇപ്പോള്‍ കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേരള ട്രാവൽ മാർട്ടിലെ (കെടിഎം) വിദേശ ട്രാവൽ ഏജന്റുമാർ അഭിപ്രായപ്പെടുന്നത്.
കോവിഡ്-19 മഹാമാരി കുറഞ്ഞുതുടങ്ങിയത് മുതൽ അന്വേഷണങ്ങൾ ആരംഭിച്ചെന്നും, എല്ലാ സ്ഥലങ്ങളില്‍ നിന്നും കേരളത്തെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് കൂടുതല്‍ വന്നതെന്നും, വ്യാഴാഴ്ച ഇവിടെ ആരംഭിച്ച നാല് ദിവസത്തെ കെടിഎം-2022-ൽ അന്താരാഷ്ട്ര ബയർമാരിൽ ഉൾപ്പെടുന്ന വിദേശ ട്രാവൽ ഏജൻസി പ്രതിനിധികൾ വെളിപ്പെടുത്തി.
വില്ലിംഗ്‌ഡൺ ഐലൻഡിലെ സാഗര, സമുദ്ര കൺവെൻഷൻ സെന്ററുകൾ 55,000 ബിസിനസ് മീറ്റുകൾക്ക് വേദിയൊരുക്കിയിട്ടുണ്ട്. ഇന്ത്യ സന്ദർശിക്കുന്നവർ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് കേരളമാണെന്ന് വിദേശ പ്രതിനിധികൾ പറഞ്ഞു.
പരമ്പരാഗത മൂല്യങ്ങൾ, ആയുർവേദ ആരോഗ്യം, രുചികരമായ ഭക്ഷണം, ഊഷ്മളമായ ജനസമ്പര്‍ക്കം എന്നിവ കാരണം കേരളം “ഇന്ത്യയിലെ ഏറ്റവും മികച്ച ഭാഗങ്ങളിലൊന്നാണ്” എന്ന് ഹംഗറിയിലെ വേൾഡ് ട്രാവൽ മാസ്റ്റർ കെഎഫ്ടിയുടെ ഉടമയായ Zsolt Jurak പറഞ്ഞു.
“മഹാമാരിക്കു ശേഷം ടൂറിസം പദ്ധതി തിരിച്ചുകൊണ്ടുവന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുന്ന സംസ്ഥാനമാണ് കേരളം,” ഒരു വിനോദസഞ്ചാരിയായി നേരത്തെ നിരവധി തവണ കേരളത്തിൽ വന്നിട്ടുള്ള ജുറാക്ക് പറഞ്ഞു.
കെടിഎം-2022ൽ, സവിശേഷവും അസാധാരണവുമായ ചില കാര്യങ്ങൾക്കൊപ്പം പുതിയ സാധ്യതകളും സ്ഥലങ്ങളും ഞാൻ പ്രത്യേകം തിരയുകയാണെന്നും കെടിഎം സൊസൈറ്റി സംഘടിപ്പിച്ച ഇവന്റിന്റെ വേദിയിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം ഇവന്റ് ആയി കണക്കാക്കപ്പെടുന്ന ഇത് മെയ് 8 ന് സമാപിക്കും.
വിനോദ/തീര്‍ത്ഥാടന സഞ്ചാരത്തില്‍ താൽപ്പര്യമുള്ള അവരുടെ നാട്ടുകാര്‍ കൊച്ചിയിലെ പള്ളികൾ സന്ദർശിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെന്ന് ദക്ഷിണ കൊറിയയിലെ വിത്തസ് ടൂറിന്റെ പ്രതിനിധി യൂൻസൂക്ക് പാർക്ക് പറഞ്ഞു.
“സാധാരണയായി, കൊറിയക്കാർ തീർത്ഥാടന പരിപാടികളിലും അത്തരം ടൂർ പാക്കേജുകളിലും താൽപ്പര്യമുള്ളവരാണ്. തീർത്ഥാടന പാക്കേജുകൾക്കായി അവർ കേരളവും ചെന്നൈയും തിരഞ്ഞെടുക്കുന്നു, പ്രത്യേകിച്ച് കൊച്ചി സന്ദർശിക്കാനുള്ള കത്തോലിക്കാ തീർത്ഥാടന പാക്കേജ്,” അവർ ചൂണ്ടിക്കാട്ടി. പ്രകൃതി സൗന്ദര്യം കേരളത്തെ വിശ്രമിക്കാൻ പറ്റിയ സ്ഥലമാക്കി മാറ്റുന്നു. കാരവൻ ടൂറിസം പോലുള്ള സംസ്ഥാനത്തിന്റെ ഏറ്റവും പുതിയ യാത്രാ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ തിരക്കിലായ പാർക്ക് കൂട്ടിച്ചേർത്തു.
പോളണ്ടിലെ പ്ലാനറ്റ് എസ്‌കേപ്പിന്റെ ഉടമ അലക്‌സാന്ദ്ര നാസിമെക് പറയാനുള്ളത് മറ്റൊന്നാണ്. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രശാന്തത അവരുടെ സാംസ്‌കാരിക അന്തരീക്ഷത്തെ വർദ്ധിപ്പിക്കുന്നു. അത് സംസ്ഥാനത്തെ വിദേശ വിനോദസഞ്ചാരികൾക്ക് പ്രത്യേകിച്ചും ആകർഷകമാക്കുന്നു.
“ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ, പ്രത്യേകിച്ച് യൂറോപ്പിൽ നിന്നുള്ള വിനോദസഞ്ചാരികൾ, കേരളത്തെ തങ്ങളുടെ പ്രിയപ്പെട്ട സ്ഥലമായി തിരഞ്ഞെടുക്കുന്നു. വിനോദസഞ്ചാരികൾക്ക് ഇവിടെ പര്യവേക്ഷണം ചെയ്യാനും അനുഭവിക്കാനും ഇനിയും കൂടുതൽ സ്ഥലങ്ങളുണ്ട്,” അവർ കൂട്ടിച്ചേർത്തു.
KTM-2022-ൽ 69 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. കൂടാതെ, രാജ്യത്തിനകത്ത് 25 സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്.
കഴിഞ്ഞ വർഷം മാര്‍ച്ചില്‍, കെടിഎം ഒരു വെർച്വൽ ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. അത് 7,000-ത്തിലധികം ബിസിനസ് മീറ്റുകൾക്ക് സൗകര്യമൊരുക്കി. ആ പരിപാടി കോവിഡ് മൂലം നേരിട്ട സാഅമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിൽ ട്രാവൽ ഇൻഡസ്‌ട്രിക്ക് വലിയ മുന്നേറ്റം നടത്താൻ സഹായിച്ചു.
ആ ഓൺലൈൻ ഇവന്റിൽ ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പങ്കാളികളുമായി ഒരു വെർച്വൽ ബയേഴ്‌സ് മീറ്റ് നടത്താന്‍ സാധിച്ചു.