കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് എന്റെ സ്വന്തം ആളാണെന്നും, തന്നെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ തന്നെന്നും പി സി ജോര്‍ജ്. തൃക്കാക്കരയിൽ മത്സരിക്കാനില്ലെന്ന് പിസി ജോർജ് പറഞ്ഞു. ജോ ജോസഫിന്റെ കുടുംബം മുഴുവന്‍ കേരള കോൺഗ്രസുകാരാണ്, അടുത്ത ബന്ധുവാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
“തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തില്‍ സംസാരിച്ചത് സ്ഥാനാര്‍ത്ഥിയാകാനല്ല. കേരളത്തിലെത്തുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയെ ഇന്ന് നേരില്‍ കാണും. തൃക്കാക്കരയില്‍ ഇരുമുന്നണികളും വര്‍ഗീയ കാര്‍ഡിറക്കിയാണ് മത്സരിക്കുന്നത്. ബി.ജെ.പി നിര്‍ണായക ശക്തിയാകില്ല,” ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയിൽ സമ്പൂർണ വിജയമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സ്ഥാനാർത്ഥി സഭയുടേതല്ലെന്നും ജനങ്ങളുടേതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സഭ സ്ഥാനാർത്ഥിയെ നിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.